ആലപ്പുഴ : എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ്. ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. റവന്യൂ റിക്കവറി നടപടികള്‍ തുടങ്ങിയതോടെ മക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായ്പ്പ എടുക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല.
ചെങ്ങന്നൂര്‍ പെരിങ്ങാലിപ്പുറത്തെ വീട്ടമ്മയായ ഉഷ അംഗമായ യൂണിറ്റും എസ്.എന്‍.ഡി.പിയുടെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഇരയായി. വായ്പയെടുത്തത് ഏഴ് ലക്ഷം രൂപയാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പാ തുക മുഴുവന്‍ ചെങ്ങന്നൂര്‍ യൂണിയന്‍ ഓഫീസില്‍ അടച്ചതാണ്. പക്ഷെ, 2017ല്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ പത്ത് ശതമാനം പോലും ബാങ്കിലടക്കാതെ യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്തതായി മനസ്സിലായത്. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ജപ്തി നോട്ടീസ്. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചതിനാല്‍ എം.എസ്.സി നഴ്സിംഗിന് പ്രവേശനം നേടിയ മകള്‍ക്കായി വിദ്യാഭ്യാസ വായ്പ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉഷ
ചെങ്ങന്നൂര്‍ യൂണിയനില്‍ മാത്രം നടന്നത് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പ് ആണ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതിയായാണ് കേസ്. വായ്പയെടുത്തവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ യോഗ നേതൃത്വവും കൈയൊഴിഞ്ഞെന്ന് ഇവര്‍പറയുന്നു