കൈപ്പട്ടൂർ : വള്ളിക്കോട് പഞ്ചായത്തിൽ ആരംഭിച്ച സ്നേഹാരാമം പദ്ധതി കാടുകയറി നശിക്കുന്നു. കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ കടവ് ജംഗ്ഷന് സമീപമാണ് പുഷ്പകൃഷി ലക്ഷ്യമാക്കി സ്നേഹാരാമം പദ്ധതി നടപ്പാക്കിയത്. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റുകളും ശുചിത്വമിഷനും സംയുക്തമായി സംസ്ഥാനത്തൊട്ടാകെ ഒരുക്കിയ പദ്ധതിയുടെ ഭാഗമായാണ് വള്ളിക്കോട് പഞ്ചായത്തിലും നടപ്പാക്കിയത്. മാലിന്യമുക്തമാക്കുന്ന സ്ഥലം പൂന്തോട്ടമാക്കി മാറ്റാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥമൂലം ഇവിടം കാടുകയറി നശിക്കുകയായിരുന്നു. നിലവിൽ ഈ പ്രദേശമാകെ മാലിന്യക്കൂമ്പാരമാണ്. വൻതോതിൽ കാടുമൂടിയ ഈ സ്ഥലം ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായിരിക്കുന്നു.
കുറച്ചുനാൾമുമ്പ് വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ ഉദ്ഘാടനം ചെയ്ത സ്നേഹാരാമം പദ്ധതി കാടുമൂടി നാശോന്മുഖമായിട്ടും അധികൃതർ യാതൊരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. കൈപ്പട്ടൂർ കടവ് ജംഗ്ഷന് സമീപം ഏതാണ്ട് 15 സെൻറ് സ്ഥലം പി.ഡബ്ല്യു.ഡി. പുറമ്പോക്ക് ഭൂമിയായിരുന്ന ഈ പ്രദേശം മാലിന്യമുക്തമാക്കിയാണ് പൂന്തോട്ടം നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. മുമ്പ് ഇവിടം പച്ചക്കറി വിപണ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. ഈ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തശേഷം സ്നേഹാരാമം പദ്ധതിക്കായി വിനിയോഗിക്കുകയായിരുന്നു. കാടുകയറി നശിക്കുന്ന ഈ പ്രദേശം വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.