പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരിങ്ങര പി. എം. വി. എച്ച്. എസില്‍ സ്‌നേഹിത@സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പെരിങ്ങര സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി. ആര്‍. അനൂപ പദ്ധതി വിശദീകരണം നടത്തി. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ആണ് സ്‌നേഹിത. കുടുംബ പ്രശ്‌നങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും പ്രശ്‌നങ്ങള്‍ തുടങ്ങിയ കേസുകളാണ് സ്‌നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും കൗണ്‍സലിങ്ങും നിയമസഹായവും നല്‍കാനാണ് സ്‌നേഹിത പ്രവര്‍ത്തിക്കുന്നത്.
കുട്ടികള്‍ക്ക് സുരക്ഷിതമായ സാമൂഹ്യ ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനുമായി പിന്തുണ ലഭ്യമാക്കുക, ലിംഗവബോധം സൃഷ്ടിക്കുക, ശാരീരിക വൈകല്യം ഉള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കുക, പരീക്ഷ സമയത്തും മറ്റുമുള്ള മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്കുള്ള കൗണ്‍സിലിങ്, മറ്റു വ്യക്തിഗത കൗണ്‍സിലിംഗുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കു ലഭ്യമാക്കും. ആഴ്ചയില്‍ ഒരു തവണ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിഗ് സേവനങ്ങള്‍ ലഭ്യമാക്കും. പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ എബ്രഹാം, വാര്‍ഡ് അംഗങ്ങളായ എം. സി. ഷൈജു, ശര്‍മിള സുനില്‍, സുഭദ്ര രാജന്‍, പി. സ്‌നേഹിതാ സര്‍വീസ് പ്രൊവൈഡര്‍ എം. ഷീമോള്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റിറ്റി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.