പത്തനംതിട്ട : പൗരോഹിത്യം മറന്ന് പാര്‍ട്ടി വളര്‍ത്താനിറങ്ങിയ പാതിരിയെ കീറിയൊട്ടിച്ച് സോഷ്യല്‍ മീഡിയ. എനിക്ക് കമ്മൂണിസ്റ്റായിരിക്കാനാണ് ഇഷ്ടമെന്ന് കഴിഞ്ഞ ദിവസം മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനും റാന്നി – വാഴക്കുന്നം സ്വദേശിയുമായ ഫാദര്‍ മാത്യൂസ് വാഴക്കുന്നം ഒരു പൊതു പരിപാടിയില്‍
പരസ്യമായി പറഞ്ഞിരുന്നു. തനിക്ക് മത്സരിക്കുവാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ റാന്നിയില്‍ സ്ഥാനാര്‍ഥിയാകുമെന്നും തന്റെ കുടുംബത്തിന്റെ ബന്ധങ്ങള്‍ ഏറെയും റാന്നിയിലാണെന്നും ഫാദര്‍ മാത്യൂസ് വാഴക്കുന്നം പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പാതിരിയുടെ തൊലിയുരിഞ്ഞതുമാത്രമല്ല ഓര്‍ത്തഡോക്സ് സഭയും തലകുനിക്കേണ്ടിവന്നു.
കോളേജ് കാലം മുതല്‍ ചുവപ്പുകൊടിയുടെ കീഴില്‍ നിന്നിരുന്ന മാത്യൂസ് പൗരോഹിത്യം കിട്ടിക്കഴിഞ്ഞപ്പോഴും വെള്ളയുടെ കൂടെ ചുവപ്പും കൊണ്ടുനടക്കാന്‍ തുടങ്ങി. ഇത് സഭയുടെ ചെലവില്‍ തടി കൊഴുപ്പിച്ചിട്ടു സഭയ്ക്കിട്ടു കോടാലി വെക്കുന്ന പണിയല്ലേ എന്നും ഫാദര്‍ മാത്യൂസ് വാഴക്കുന്നത്തിനോട് സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികള്‍ ചോദ്യം ചെയ്യുന്നു. പബ്‌ളിസിറ്റി ഏറെ ഇഷ്ടപ്പെടുന്ന പുരോഹിതന്റെ ലീലാവിലാസങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റു പിടിക്കാത്തതിനാല്‍ സ്വന്തം മുഖപുസ്തകത്തിലൂടെ വില്പന നടത്തുകയാണ് ഹോബി.
പൗരോഹിത്യം മറന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താനിറങ്ങിയ ഫാദര്‍ മാത്യൂസ് വാഴക്കുന്നത്തിനെതിരെ പ്രതികരിക്കുന്നവരില്‍ ഏറെയും ക്രൈസ്തവ സഭാ വിശ്വാസികളാണ്, അതില്‍ കൂടുതലും ഓര്‍ത്തോഡോക്സ് സഭയില്‍പ്പെട്ടവരുമാണ്. ഏതെങ്കിലും ഒരു കുപ്പായം അഴിച്ചു വെക്കുക. ‘സഖാവെന്നറിയപ്പെടാന്‍ മോഹിക്കുന്ന’ അച്ചന്റെ ഇഷ്ട്ടം അല്ലല്ലോ, ജോലിയും ശമ്പളവും തരുന്ന സഭയുടെ ഇഷ്ട്ടം? എന്നാണ് ഒരാള്‍ പ്രതികരിച്ചതെങ്കില്‍ മറ്റൊരാള്‍ ഇങ്ങനെ എഴുതി – ‘ശമ്പളം പറ്റുമ്പോള്‍, ഉടയവനോട് ചോദിച്ചിട്ടു വേണം പരസ്യമായ അഭ്യാസങ്ങള്‍ നടത്തുവാന്‍. ഇഷ്ടം എന്താന്നു വച്ചാല്‍ അങ്ങോട്ട് പോകണം. സഭ നാറ്റിക്കരുത്. സഭയോട് ഇഷ്ടമുള്ളവരെയാണ് അവിടെ ആവശ്യം. രാഷ്ട്രീയക്കാരന്‍ തിണ്ണ നിരങ്ങാന്‍ വരുന്നതല്ലാതെ സഭക്ക് ചെയ്തതൊക്കെ കണ്ടുകൊണ്ടിരിക്കായാണ് വിശ്വാസികള്‍. ‘
മത്തായി നൂറനാല്‍ അച്ചന്റെ പശ്ചാത്തലം വ്യത്യസ്തമാണ്. സ്വയം സമാനവല്‍ക്കരിക്കുമ്പോള്‍ അത് കൂടി ഓര്‍ക്കേണ്ടതുണ്ട്. നൂറനാല്‍ അച്ചന്‍ വയനാട്ടിലെ ആദ്യ കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവാണ്. സേവന രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച വ്യക്തിയാണ്. വയനാട്ടില്‍ സഭക്ക് മേല്‍വിലാസമുണ്ടാക്കിത്തന്ന പ്രതിഭയാണ്. മൂന്നു പതിറ്റാണ്ടുകള്‍ വയനാട് സഹകരണ ബാങ്കിന്റെ മേധാവി ആയിരുന്നു. അസ്സംബ്ലിയില്‍ ഒരു സ്ഥാനം പ്രവര്‍ത്തനങ്ങള്‍ക്ക് നന്ന് എന്നു കരുതിക്കാണും. അത് സഭയോടുള്ള ഇഷ്ടമാണ്, മറ്റെന്തിനോടെങ്കിലുമുള്ള ഇഷ്ടമല്ല. എങ്കിലും മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയോട് തോറ്റു.
സഭ രാഷ്ട്രീയത്തിലിറങ്ങുന്നുണ്ടെങ്കില്‍ അച്ചന് സഭയുടെ ലേബലില്‍ മത്സരിക്കാം. സഭയുടെ ചെലവില്‍ പാര്‍ട്ടി വളര്‍ത്തേണ്ടതില്ല. ഇത് മുന്നോട്ടു പോയാല്‍ സഭയിലെ അടുത്ത പിളര്‍പ്പ് പാര്‍ട്ടി അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും വിശ്വാസികള്‍ രോഷത്തോടെ പറയുന്നു.
ഇത് കെണിയാണ്, അന്തച്ഛിദ്രം ഒളിപ്പിച്ച ഒന്നാന്തരം കെണി. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കമ്മീഷന്‍ ഡയറക്ടര്‍ സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ട്ടി വളര്‍ത്തിക്കൊള്ളു, അതിന് പരിശുദ്ധ കുപ്പായത്തെ കൂട്ടു പിടിക്കേണ്ട എന്നും പലരും ഓര്‍മ്മപ്പെടുത്തുന്നു.
ബാവ ഇടപെടണമെന്നും അനുവാദം ചോദിക്കാതെ സഭയുടെ ലേബലില്‍ പരസ്യപ്രസ്താവന ഇറക്കുന്ന ഉത്തരവാദിത്തപ്പെട്ടവരെ പുറത്തേക്കുള്ള വഴിയിലേക്ക് ആനയിക്കണമെന്നും ചിലര്‍ കുറിച്ചു. പോയി പാര്‍ട്ടി ഉണ്ടാക്കട്ടെ! പാര്‍ട്ടി കല്‍പ്പനകള്‍ അല്ല, കാതോലിക്കേറ്റ് കല്‍പ്പനകള്‍ ആണ് ഓര്‍ത്തോഡോക്‌സ് പുരോഹിതന്‍ അനുസരിക്കേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഏതെങ്കിലും ഒരു കുപ്പായം അഴിച്ചു വെക്കുവാനാണ് മിക്കവരുടെയും ഉപദേശം. രണ്ടുവള്ളത്തില്‍ കാലുകള്‍ വെച്ചാല്‍ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിപ്പെടുമെന്നും ചിലര്‍ ഹാസ്യരൂപേണ പറഞ്ഞിട്ടുണ്ട്.