സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ വരുന്ന കേടുപാടുകൾ. ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ആൾ ആണോ നിങ്ങൾ? അല്ലെങ്കിൽ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരെയയെങ്കിലും നിങ്ങൾക്ക് അറിയാമോ? എങ്കിൽ ഒരിക്കലും വിഷമിക്കണ്ട നിങ്ങൾക്കുള്ള പരിഹാരം ഇവിടെയുണ്ട്. ഇത്തരത്തിൽ സോഫ്റ്റുവെയർ അപ്ഡേറ്റ് കൊണ്ടാണ് നിങ്ങളുടെ ഫോണിന് കേടുപാട് സംഭവിച്ചത് എങ്കിൽ നിങ്ങളുടെ ഫോണിന്റെ വാറന്റി പിരീഡ് കഴിഞ്ഞിട്ടില്ല എങ്കിൽ നിങ്ങൾക്ക് സൗജന്യമായി തന്നെ പുതിയ ഫോണോ അല്ലെങ്കിൽ കേടുപാട് സംഭവിച്ച ഫോണിന് പകരമായി മറ്റൊരു ഫോണോ, നഷ്ടപരിഹാരമോ നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. എന്നാൽ സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലം കേടുപാട് സംഭവിച്ചാൽ മാത്രമാണ് ഇക്കാര്യം സാധ്യമാകു എന്നകാര്യം ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
പലരും ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ ആദ്യം പോകുന്നത് സർവ്വീസ് സെന്ററുകളിലേക്കാണ്. ഫോണിന്റെ കമ്പനിയുടെ ഔദ്യോഗിക സർവ്വീസ് സെന്ററുകളിൽ പോകുന്നതാണ് ഏറ്റവും ഉചിതം അല്ലാത്തപക്ഷം സാധാരണ സർവ്വീസ് സെന്ററുകളിൽ പോയാൻ പിന്നീട് എന്തെങ്കിലും കേടുപാട് വന്ന കമ്പനിയെ സമീപിച്ചാൽ ഇവർ സഹായിക്കാൻ സാധ്യത ഇല്ല. എന്നാൽ കമ്പനിയുടെ സർവ്വീസ് സെന്റിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും? വിശദമായി തന്നെ പരിശോധിക്കാം ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് ഫോണിന്റെ കമ്പനിയുടെ കസ്റ്റമർ കെയറിൽ വിളിച്ച് നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്. ചിലപ്പോൾ ഇത്തരം പരാതികളോട് ഇവർ പ്രതികരിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ ഈ ഫോണുമായി ബന്ധപ്പെട്ട ഓതറൈസെഡ് സ്ഥലങ്ങളിലെല്ലാം നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്. എന്നാൽ നിങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്നില്ല എന്ന് തോന്നിയാൽ നിങ്ങൾക്ക് ഈ കമ്പനിക്കെതിരെയോ ഫോൺ വാങ്ങിയ കടയ്ക്ക് എതിരയോ കൺസ്യൂമർ കോടതി വഴി നടപടി എടുക്കാവുന്നതാണ്.
ഇവിടെ നിങ്ങളുടെ പ്രശ്നം ബോധിപ്പിച്ച് പരാതി നൽകിയാൽ ഡെഫിഷൻസി ഇൻ സർവ്വീസിന്റെ പരുധിയിൽ നിന്ന് കോടതിയ്ക്ക് കേസ് സ്വീകരിക്കാവുന്നതാണ്. ഇതിനെ തുടർന്നുള്ള നടപടികളും കോടതി സ്വീകരിക്കുന്നതാണ്. ഫോൺ മാറ്റി നൽകുക, നഷ്ടപരിഹാരം നൽകുക, ഫോൺ നന്നാക്കി തരുക എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള നീതി നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള നിയമങ്ങൾ നമ്മുക്കായി ഉണ്ടെങ്കിലും സ്മാർട്ട്ഫോൺ ഉപഭോക്താക്കളിൽ ഭൂരിഭാഗം ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. അതേ സമയം നിരവധി പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലം പ്രശ്നങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വാറന്റി പിരീഡി തീർന്നട്ടില്ലാത്ത ഉപഭോക്താക്കൾക്കാണെങ്കിൽ മേൽ പറഞ്ഞ രീതിയിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്. അതേ സമയം സോഫ്റ്റുവെയർ പ്രശ്നങ്ങളാൽ സ്ക്രീനിൽ പച്ച വരകൾ വരുന്ന ഉപഭോക്താക്കൾക്ക നഷ്ടപരിഹാരവുമായി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അടുത്തിടെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രശ്നമുള്ള ഫോണുകൾക്ക് ആജീവനാന്ത വാറന്റിയാണ് കമ്പനി പ്രഖ്യാപിച്ചത്.
ഈ വാറന്റി എല്ലാ മോഡലുകൾക്കും ബാധകമാണ്. വാറന്റിക്ക് പുറമേ ഈ പ്രശ്നമുള്ള പഴയ വൺപ്ലസ് ഫോണുകൾ മാറ്റി വാങ്ങുന്നവർക്ക് പ്രത്യേക കിഴിവുകളും കമ്പനി നൽകുന്നുണ്ട്. അതേ സമയം വൺപ്ലസ് 8പ്രോ, 8ടി, വൺപ്ലസ് 9, 9ആർ എന്നീ ഫോണുകൾക്ക് അപ്ഗ്രേഡ് ബോണസായി 30,000 രൂപ വരെ കിഴിവും വൺപ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫോണുകളുടെ പ്രശ്നം പരിഹരിക്കാൻ സ്പെയർ പാർട്സ് ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ അപ്ഗ്രേഡ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് വൺപ്ലസ് ഇത്തരത്തിൽ ആജീവനാന്ത വാറന്റി പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഗ്രീൻ സ്ക്രീൻ പ്രശ്നമുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വലിയ അസൗകര്യം ഉണ്ടായതായി കമ്പനി മനസ്സിലാക്കുന്നുവെന്നും, ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വൺപ്ലസ് പുറത്തിറക്കിയ റിപ്പോർട്ടിൽ അറിയിച്ചിരുന്നു. ഈ സേവനം ആവിശ്യമുള്ള വൺ പ്ലസ് ഉപഭോക്താക്കൾ അടുത്തുള്ള സർവ്വീസ് സെന്റർ സന്ദർശിക്കേണ്ടതാണ്. നിങ്ങളുടെ സ്ക്രീൻ റീപ്ലെയ്സ് ചെയ്യുന്നതാണ്.