തിരുവനന്തപുരം : കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെ വട്ടം കറക്കിയ സോളാര്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യു ഡി എഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പരാതിക്കാരി തങ്ങിയത് തിരുവനന്തപുരത്തെ ബിനീഷ് കോടീയേരിയുടെ ബിനാമി എന്ന് അറിയപ്പെടുന്ന വ്യവസായിയുടെ വീട്ടിലായിരുന്നു. ബിനീഷിന്റെ ബിനാമി ബിസിനസ് പങ്കാളിയെന്ന് ഇഡി ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ മുട്ടടയിലുള്ള വീട്ടിലാണ് ഇവര്‍ തങ്ങിയതെന്ന് പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റതോടെ സോളാര്‍ കേസിലെ കനല്‍ തുടരന്വേഷണമില്ലാതെ കെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം വീണ്ടും പോകുന്ന സമയത്ത് വീണ്ടും കനല്‍ കത്തിക്കുവാനുള്ള ശ്രമങ്ങള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. വിവാദമായ പല വെളിപ്പെടുത്തലുകളും വരും ദിവസമുണ്ടായേക്കാം. എന്നാല്‍ ഇതിനിടയിലാണ് ബിനീഷിന്റെ ബിനാമി സോളാര്‍ വിവാദത്തിലും ഇടപെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇഡിയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. സാമ്പത്തികമായി ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളിലേക്ക് ഇഡി കടക്കുവാനും സാദ്ധ്യതയുണ്ട്.
ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. നെടുമങ്ങാട്ടുള്ള ഒരു വ്യക്തിയില്‍ നിന്നും ബിനീഷ് വാങ്ങിയതാണ് മുട്ടടയിലുള്ള വീട്. ഇവിടെ ഒരു എം എല്‍ എ ഇടപെട്ടാണ് ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.