റാന്നി : സൗരോർജ്ജ നിലയങ്ങളിൽ നിന്നും 1000 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജകേരള മിഷനിൽ പ്രഖ്യാപിച്ച സുപ്രധാന പദ്ധതിയായ ”സൗര”യുടെ സബ്ബ്സിഡി പദ്ധതി റാന്നിയില്‍ ഉദ്ഘാടനം ചെയ്തു. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടു കൂടി പുരപ്പുരകളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കഴിയുന്ന പദ്ധതിയാണ് സൗര. സബ്ബ് സിഡിയോടുകൂടി 250 മെഗാവാട്ട് വരെയുള്ള സൗരോർജ നിലയം സ്ഥാപിക്കാനുള്ള കേന്ദ്ര അനുമതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി സ്ഥാപിക്കാനാവശ്യമായ ആകെത്തുകയിൽ മൂന്ന് കിലോവാട്ട് വരെ 40 % സബ്സിഡിയും 3 മുതൽ 10 കിലോവാട്ട് വരെ 20 % സബ്സിഡിയും ലഭിക്കും.
മാർച്ചോടുകൂടി 35000 ഉപഭോക്താക്കളിലായി 100 മെഗാവാട്ട് കപ്പാസിറ്റിയാണ് ആദ്യ ഘട്ടമെന്ന നിലയിൽ പദ്ധതി ലക്ഷ്യമിടുന്നത്. പത്തനംതിട്ട സർക്കിളിന്റെ കീഴിൽ മാത്രം 1200 ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. റാന്നി നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച 4 നിലയങ്ങൾ ഉൾപ്പെടെ 27 നിലയങ്ങൾ ഇതിനകം തന്നെ പത്തനംതിട്ട സർക്കിൾ കീഴിൽ തുടക്കം കുറിച്ചു. റാന്നി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരികുളം സ്വദേശി സുരേഷ് കുമാറിന്‍റെ വീടിന്‍റെ റൂഫ് ടോപ്പില്‍ ടാറ്റ പവർ സോളാർ സ്ഥാപിച്ച 4.6 കിലോവാട്ട് സോളാർ നിലയമാണ് കമ്മീഷൻ ചെയ്തത്. 250795 രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച നിലയത്തിന് സിഡി തുക കുറച്ച് 193395 രൂപയാണ് അടക്കേണ്ടി വന്നത്.
പ്ലാന്റിൽ നിന്നും മാസം 550 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. കൺസ്യൂമറുടെ ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത വിലക്ക് കെ .എസ് .ഇ .ബി വാങ്ങും. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാനലുകൾക്ക് 25 വർഷത്തെ ഗ്യാരന്റിയാണ് കമ്പനി നൽകുന്നത്. ഉപഭോക്താവിന് മുടക്കുമുതൽ 5 മുതൽ 6 വർഷം കൊണ്ട് ലഭിക്കും. അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വി.എന്‍ പ്രസാദ്, എക്സിക്യൂട്ടിവ് എഞ്ചിനീയർ ആര്‍ ബിജു രാജ്, എ.ഇ.ഇ ഷെറി ഫിലിപ്പ്, അസിസ്റ്റന്റ് എഞ്ചിനീയറന്മാരായ ബിനോ തോമസ്, ജയപ്രകാശ് , ആലിച്ചൻ ആറൊന്നിൽ,പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.