ന്യൂഡല്‍ഹി : ഗാല്‍വന്‍ സംഘര്‍ഷത്തില്‍ കമാന്‍ഡറടക്കം അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈനയുടെ തുറന്നു പറച്ചില്‍. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷത്തില്‍ ചൈനീസ് റെജിമെന്റല്‍ കമാന്‍ഡര്‍ ക്വി ഫബാവോ ഉള്‍പ്പെടെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ ചൈനയുടെ സ്ഥിരീകരണം. നാല് ചൈനീസ് സൈനികരുടെ പേരുകള്‍ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായെന്ന് ചൈന തുറന്നു സമ്മതിക്കുന്നത്. ഈ 5 സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു.
സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സമ്മതിച്ചിരുന്നില്ല. ഒരു പിഎല്‍എ കമാന്‍ഡിങ് ഓഫിസറുടെ മരണം ഉള്‍പ്പെടെ ചൈനീസ് ഭാഗത്ത് നിരവധി ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈന തയാറായിരുന്നില്ല.
നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയെങ്കിലും ചൈന നിഷേധിച്ചിരുന്നു. അമേരിക്കന്‍- റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുവെങ്കിലും ചൈന തുറന്നു സമ്മതിച്ചിരുന്നില്ല.
ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷം അപ്രതീക്ഷിതമല്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ചൈന നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നു രാത്രി ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും കയ്യില്‍ ആയുധങ്ങളില്ലാതെ ചൈനയുമായി കൂടിക്കാഴ്ച ഉറപ്പിച്ച ഭാഗത്തേക്ക് എത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്രോള്‍ പോയിന്റ് 14ല്‍നിന്നു പിന്മാറുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കായിരുന്നു വരവ്. ചൈനീസ് മേഖലയിലും സമാനമായ സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാല്‍ കാത്തിരുന്നത് ആണി തറച്ച ബേസ് ബോള്‍ ബാറ്റുകളും ഇരുമ്പു വടികളുമായി ചൈനീസ് സൈനികരായിരുന്നുവെന്നും അവര്‍ ആക്രമണം തുടങ്ങിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നാലെ ഇന്ത്യന്‍ സൈനികരെത്തി ഏറ്റുമുട്ടലായതോടെ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു. കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളേക്കാള്‍ മാരകമായ ആള്‍നാശമാണുണ്ടാക്കിയതെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സൈനികരില്‍ പലരും കുത്തനെയുള്ള ചെരിവിലേക്കു വീണാണു വീരമൃത്യു വരിച്ചതെന്നും കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് ഭാഗത്തും നിരവധി ആള്‍നാശമുണ്ടായെന്ന റിപ്പോര്‍ട്ട് ചൈന തള്ളിയിരുന്നു.