റാന്നി: പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ പെരുനാട്ടിലെ പൂവത്തുംമൂട് പാലത്തിലെ വെളിച്ചക്കുറവ് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ വരുന്ന തീർത്ഥാടകരെ ഏറെ വലച്ചിരുന്നു. തീർത്ഥാടകർ നേരിട്ടിരുന്ന ബുദ്ധിമുട്ടും അപകട ഭീഷണിയും ഏറെ പരാതിക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് ഇടപെട്ട് ഇവിടെ വെളിച്ചം ഏർപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചത്. പൂവത്തുംമൂടിനു പുറമെ മടത്തുംമൂഴി വലിയ പാലത്തിലും വെളിച്ചം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 16 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ശബരിമല തീർത്ഥാടകർ നിരവധി പേര്‍ എത്തുന്ന പ്രദേശമായിട്ടും ഇവിടെ വെളിച്ചം ഒരുക്കാതിരുന്നത് തീർത്ഥാടകരോടുള്ള കനത്ത അവഗണനയാണെന്ന് അയ്യപ്പ സേവാ സംഘം ഉൾപ്പെടെ പരാതി പറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്തു ഇറങ്ങുന്ന സ്ഥലമാണ് പൂവത്തുംമൂട്. പാലത്തിനോട് ചേർന്ന് നദിയിൽ തീർത്ഥാടകർക്ക് കുളിക്കാനും സൗകര്യമുള്ളതുകൊണ്ട് നിരവധി വാഹനങ്ങൾ ഇവിടെ നിര്‍ത്തുന്നത് പതിവാണ്. സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി തീർത്ഥാടകർ പാലത്തിലൂടെയാണ് പെരുനാട് മാർക്കറ്റ് ഭാഗത്തേക്ക് പോകുന്നത്. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് വെളിച്ചമില്ലാത്തതു മൂലം യാതൊരു സുരക്ഷയുമില്ലാത്ത സ്ഥിതിയായിരുന്നു പാലത്തില്‍. വെളിച്ച മെത്തുന്നതോടെ ഇതിനെല്ലാം പരിഹാരമാകുകയാണ്.