പത്തനംതിട്ട : ജനങ്ങൾ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് നരകിക്കുമ്പോൾ അത് പരിഹരിക്കാതെ ഏതാനും ചില കുത്തകക്കാർക്കു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജനും പ്രവർത്തിക്കുന്നതെന്നും അവരെ ചില പ്രത്യേക കണ്ണികളാണ് ബന്ധിപ്പിക്കുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്പൂർണ്ണ നേതൃസംഗമം, വാർഡ്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്ന നിക്ഷേപ സംഗമം കേന്ദ്രത്തിൽ മോദി ചെയ്യുന്നതുപോലെ അദാനിമാരെ സൃഷ്ടിക്കുന്നതാകരുതെന്ന് അദ്ദേഹം പറഞ്ഞു.
എത്ര സംഗമങ്ങൾ നടത്തിയാലും പിണറായി വിജയന്റെ വികലമായ മനസ്സ് മാറ്റിയില്ലെങ്കിൽ കേരളത്തിൽ രക്ഷയില്ലെന്നും അത് മാറ്റുന്നതിന് എ.ഐ. സംവിധാനം വല്ലതും കണ്ടുപിടിക്കേണ്ടിവരുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
കേരളത്തിൽ പിണറായി വിജയന്റെ ഭരണം മാറണമെന്നത് ജനങ്ങളുടെ മൊത്തം വികാരമാണെന്നും അതിനൊപ്പം കോൺഗ്രസ് പ്രവർത്തകൾ ഒരുമിച്ച് നിന്നാൽ അത് സാദ്ധ്യമാണെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ അറിവഴകൻ, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, അടൂർ പ്രകാശ് എം.പി, അഡ്വ.എം.ലിജു. അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. എം.എം നസീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ.എ മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. ശിവദാസൻ നായർ, പി.മോഹൻരാജ്, കെ.പി.സി.സി വക്താവ് പന്തളം സുധാകരൻ, കെ.പി.സി.സി നയരൂപീകരണ സമിതി ചെയർമാൻ ഡോ.ജെ.എസ് അടൂർ, മുൻ എം.എൽ എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, സെക്രട്ടറിമാരായ അഡ്വ.എൻ. ഷൈലാജ് റിങ്കു ചെറിയാൻ, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, ജി.രഘുനാഥ്, വാർ റൂം കോർഡിനേറ്റർ അബ്ദുൾ ഹാരിസ് എന്നിവർ പ്രസംഗിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്ക് കെ.സി വേണുഗോപാൽ ഡി.സി.സി തയ്യാറാക്കിയ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലയിലെ മികച്ച പഞ്ചായത്തിന് ലഭിച്ച മഹാത്മാ ഗാന്ധി പുരസ്കാരം നേടിയ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിനെ നേതൃസംഗമത്തിൽ ആദരിച്ചു.