ഹൈറേഞ്ച് മേഖലക്ക് യോജിച്ച ഒരു വിളയാണ് ബീൻസ്. എന്നിരുന്നാലും സമുദ്രനിരപ്പിൽ നിന്നും 1400 മീറ്ററിലധികം ഉയരമുള്ള ഇടങ്ങളിൽ കൃഷി ചെയ്യുമ്പോൾ ജനുവരി- ഫെബ്രുവരി മാസങ്ങളിൽ മതിയായ സംരക്ഷണം നല്‍കണം. നല്ല നീർവാർച്ചയുള്ള നേരിയ മണൽ കലർന്ന മണ്ണിലും, കളിമണ്ണോട് കൂടിയ മണ്ണിലും കൃഷിചെയ്യാൻ അനുയോജ്യമാണ് ബീൻസ്.
നടീലും വളപ്രയോഗവും
ഒരു ഹെക്ടർ സ്ഥലത്തേക്ക് കുന്നിൻ പ്രദേശങ്ങൾ ആണെങ്കിൽ 80 കിലോഗ്രാം വിത്തും നിരപ്പായ പ്രദേശങ്ങളിൽ 50 കിലോഗ്രാം വേണ്ടി വരും. അടിവളമായി ഹെക്ടറൊന്നിന് 20 ടൺ കാലിവളം, 30 കിലോഗ്രാം പാക്യ ജനകം, 40 കിലോഗ്രാം ഭാവഹം, 60 കിലോ ഗ്രാം ക്ഷാരം ഇവ നൽകാം. വിതച്ച 20 ദിവസം കഴിയുമ്പോൾ ഹെക്ടറൊന്നിന് 30 കിലോഗ്രാം എന്ന തോതിൽ പാക്യജനകം മേൽവളമായി ചേർക്കാം.
മറ്റു കൃഷിപ്പണികൾ
പടരുന്ന ഇനങ്ങൾക്ക് ഉയരമുള്ള കമ്പുകൾ കുത്തി കൊടുക്കാവുന്നതാണ്. കളനിയന്ത്രണം സമയാസമയങ്ങളിൽ നടത്തണം. പടരാത്ത ഇനങ്ങൾക്ക് 60 ദിവസത്തിലും മറ്റുള്ളവയ്ക്ക് 70 ദിവസത്തിലും ആദ്യ വിളവെടുപ്പ് നടത്താം. പ്രധാന കീടം മുഞ്ഞ ആണ്. ഇതിനെതിരെ 0.05% വീര്യത്തിൽ മാലത്തയോൺ തളിച്ചു കൊടുക്കാവുന്നതാണ്. മറ്റു സംരക്ഷണ നടപടികളും ആവശ്യമെങ്കിൽ നടത്താം. നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ ശരാശരി ഒരു ഹെക്ടറിൽ നിന്ന് 10 ടൺ വരെ ബിന്‍സ് ലഭ്യമാകും.