ഹൈദരാബാദ്: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയാണ് 25കാരനായ യുവാവ് കൊലപാതകം നടത്തിയത്. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം.
മെയ് 26ന് രാത്രി ഉറങ്ങുന്നതിനിടെയാണ് മൂത്ത മകന്‍ കൂടിയായ യുവാവ് 55 വയസുള്ള അച്ഛനെ കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചെന്നാണ് ഇവര്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയത് ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണെന്ന് യുവാവ് ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് സമ്മതിച്ചു.
ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വ്യക്തമാക്കി. പോളി ഡിപ്ലോമക്കാരനായ മൂത്ത മകന് സര്‍ക്കാര്‍ ജോലി ലഭിക്കാനായി അമ്മയും സഹോദരനും ഇതിന് സമ്മതം മൂളി. ഇവരുടെ അനുവാദത്തോടെയാണ് അച്ഛനെ കൊന്നതെന്നും ഇയാള്‍ സമ്മതിച്ചു. സംഭവത്തില്‍ മുഖ്യപ്രതിയായ 25 കാരനെയും ഇളയ സഹോദരനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരുടെ അമ്മ ഒളിവിലാണ്.