ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ കീരിത്തോട് എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. ആവശ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞു. സൗമ്യയുടെ കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അടിയന്തിരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
ഇസ്രായേലിലെ അഷ്‌കലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌കലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.
സൗമ്യയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇസ്രായേല്‍ ഡെപ്യൂട്ടി അംബാസിഡര്‍ റോണി യെഡിഡിയ ക്ലീന്‍ രംഗത്തെത്തിയിരുന്നു. കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സൗമ്യയുടെ കുടുംബത്തെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു സഹായവും ഒരു ഭാര്യയുടെയും അമ്മയുടെയും നഷ്ടത്തിന് പരിഹാരമാകില്ലെങ്കിലും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ഞങ്ങള്‍ കുടുംബവുമായി ബന്ധപ്പെട്ടു. ഇത് സംഭവിക്കുമ്പോള്‍ അവള്‍ ഭര്‍ത്താവുമായി സംസാരിക്കുകയായിരുന്നു. ഇത് ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം എത്ര ഭയാനകമാണെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ സങ്കടാവസ്ഥയില്‍ എനിക്ക് സഹതപിക്കാന്‍ മാത്രമേ കഴിയൂ എന്ന് അവര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ നടപടികള്‍ പൂര്‍ത്തിയായിരുന്നു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മൃതദേഹം വിട്ടുകിട്ടാന്‍ സൗമ്യയുടെ കുടുംബം നല്കിയ രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എംബസി സ്വീകരിക്കേണ്ട മറ്റു നടപടികളും പൂര്‍ത്തിയാക്കി. ഇസ്രോയേല്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയാല്‍ മൃതദേഹം നാട്ടിലേക്ക് അയക്കും. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.