ന്യൂഡല്‍ഹി: ഐപിഎല്‍ പുനരാരംഭിക്കാനിരിക്കേ താരങ്ങള്‍ നേരത്തേ നിശ്ചയിച്ചപ്രകാരം തന്നെ മടങ്ങണമെന്ന മുൻനിലപാട് മയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനോടനുബന്ധിച്ചുള്ള പരിശീലനസമയം വെട്ടിച്ചുരുക്കിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ജൂണ്‍ 3 മുതലാണ് പരിശീലനം ആരംഭിക്കുന്നത്. താരങ്ങള്‍ മെയ് 26-ന് തന്നെ തിരിക്കണമെന്നാണ് നേരത്തേ ദക്ഷിണാഫ്രിക്കയെടുത്തിരുന്ന നിലപാട്. ഉന്നതതലത്തില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. അതോടെ കഗിസോ റബാദ, എയ്ഡന്‍ മാര്‍ക്രം, ലുംഗി എന്‍ഗിഡി, മാര്‍കോ യാന്‍സന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ ഐപിഎല്ലില്‍ കളിച്ചേക്കും.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി സിംബാബ്‌വെയ്‌ക്കെതിരായ സന്നാഹമത്സരവും നേരത്തേ നിശ്ചയിച്ചിരുന്നു. പരിശീലനം വെട്ടിച്ചുരുക്കിയ സാഹചര്യത്തില്‍ ഇതിലും മാറ്റം വന്നേക്കും. ഐപിഎല്ലും ബിസിസിഐയുമായും ഉണ്ടായിരുന്ന ധാരണ മെയ് 26 ന് താരങ്ങള്‍ മടങ്ങണമെന്നുള്ളതായിരുന്നു. ഇതുപ്രകാരം താരങ്ങള്‍ മെയ് 26 ന് തന്നെ തിരിച്ചുവരണമെന്നാണ് ദക്ഷിണാഫ്രിക്കൻ കോച്ച് കൊണ്‍റാഡ് പറഞ്ഞിരുന്നത്. അതേസമയം ഐപിഎൽ കളിക്കാൻ ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നകാര്യം കളിക്കാർക്ക് തീരുമാനിക്കാമെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. കളി നിർത്തിവെച്ചതോടെ വിദേശതാരങ്ങളിലേറെയും നാട്ടിലേക്ക് മടങ്ങിയിരുന്നു. മേയ് 31-നകം ഐപിഎൽ തീരും എന്ന കണക്കുകൂട്ടലിലാണ് മറ്റുരാജ്യങ്ങൾ അവരുടെ രാജ്യാന്തരമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 11-ന് ലോർഡ്സിൽ തുടങ്ങും. ഇവിടെനിന്നുള്ള ഒട്ടേറെ കളിക്കാർ ഐപിഎലിലുണ്ട്. ജൂൺ മൂന്നിന് നടക്കുന്ന ഫൈനൽവരെ ഇന്ത്യയിൽ തങ്ങേണ്ടിവന്നാൽ അവരുടെ തയ്യാറെടുപ്പുകളെ ബാധിക്കും.സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം മേയ് 17-ാം തീയതി മത്സരങ്ങള്‍ പുനരാരംഭിക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഒമ്പതാം തീയതിയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്കായി നിര്‍ത്തിവെച്ചത്.