ജുബ : ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ അജ്ഞാത രോഗം പടരുന്നു. ഇതുവരെ നൂറോളം പേര്‍ ദൂരൂഹമായ അസുഖത്തിന് കീഴടങ്ങി മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ദക്ഷിണ സുഡാനിലെ ജോങ്‌ലെയ് സ്റ്റേറ്റിലെ ഫംഗാക്കിലാണ് രോഗം പടരുന്നത്. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് ഇതുവരെയും രോഗം ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ടാസ്‌ക് ഫോഴ്സിനെ അടിയന്തരമായി ലോകാരോഗ്യ സംഘടന അയച്ചു. രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന അനുസരിച്ച് രോഗം ബാധിച്ചവരില്‍ കോളറയുടെ പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്.
ദക്ഷിണ സുഡാനില്‍ കുറച്ച് ദിവസങ്ങളായി കടുത്ത വെള്ളപ്പൊക്കമാണ്. അതിനാല്‍ ടാസ്‌ക് ഫോഴ്സിനെ ഹെലികോപ്ടറിലാണ് ഡബ്ള്യൂ എച്ച് ഒ അയച്ചിട്ടുള്ളത്. രാജ്യത്ത് 89 പേര്‍ അജ്ഞാത രോഗത്താല്‍ മരണപ്പെട്ടു എന്നാണ് ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഷീല ബയ ബിബിസിയോട് പറഞ്ഞത്. രാജ്യത്ത് ഉണ്ടായ വെള്ളപ്പൊക്കം 700,000ത്തിലധികം ആളുകളെ ബാധിച്ചതായാണ് കണക്ക്കൂട്ടുന്നത്. കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ജനം ഭക്ഷണത്തിനും മരുന്നടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മലേറിയ പോലുള്ള രോഗങ്ങളും ഇവിടെ കൂടുതലായി ഇപ്പോള്‍ പടരുന്നുണ്ട്.