തിരുവല്ല : നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് ഇത്തവണ ലഭിച്ച നെൽവിത്ത് മുളയ്ക്കാത്തത് അപ്പർകുട്ടനാട്ടിൽ വിതയെ ബാധിക്കുമെന്ന് നെൽക്കർഷകർക്ക് ആശങ്ക. വേങ്ങൽ പാടത്തെ വിത ഇന്നലെ നടത്താനിരുന്നതാണ്. എന്നാൽ വിത്തിന് കിളിർപ്പില്ലാത്തത് കാരണം കർഷകർ വിതയ്ക്കേണ്ടെന്ന് തീരുമാനിച്ചു. മുൻവർഷങ്ങളിലെ പോലെ പെരിങ്ങര സർവീസ് സഹകരണ സംഘം സബ്‌സിഡി നിരക്കിൽ കർഷകരിൽ നിന്ന് മുൻകൂർ പണം സ്വീകരിച്ചാണ് നാഷണൽ സീഡ് കോർപ്പറേഷന്റെ വിത്തിനം 15 ദിവസം മുമ്പ് നൽകിയത്. നൂറിൽ 60 വിത്ത് പോലും കിളിർക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ചാക്കിൽ കെട്ടി വിത്ത് നനച്ച് കിളിർപ്പിച്ചാണ് വിതയ്ക്കുന്നത്.
കർഷകരുടെ പരാതിയെ തുടർന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചു. പടവിനകം ബി, പാണാകേരി പാടത്തെ കർഷകരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിതയ്ക്കാനുള്ള തീയതി നിശ്ചയിച്ച പടവിനകം ബി പാടത്തെ കർഷകർ സീഡ് കോർപ്പറേഷന്റെ വിത്ത് ഒഴിവാക്കി സ്വകാര്യ ഏജൻസിയുടെ വിത്ത് വാങ്ങി ദീപാവലി നാളിൽ തന്നെ വിതച്ചു. എന്നാൽ മറ്റു പാടങ്ങളിലെ കർഷകർ പ്രശ്ന പരിഹാരത്തിനായി കൃഷിവകുപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ നീണ്ടുപോകുന്നതിനാൽ എപ്പോൾ വിത്ത് വിതയ്ക്കാൻ കഴിയുമെന്ന കാര്യത്തിൽ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞദിവസം സാമ്പിൾ ശേഖരിച്ച വിത്ത് പരിശോധിച്ചതിന്റെ ഫലം ഇന്ന് അറിയാനാകുമെന്നാണ് അധികൃതർ പറയുന്നത്.