കോന്നി : കോന്നി ആനത്താവളത്തിലെ ആനകളുടെ പരിപാലനത്തിന് സ്ഥലപരിമിതി തടസ്സമാകുന്നു. കഴിഞ്ഞ ഏപ്രിലിൽ കോടനാട് നീലകണ്ഠൻ എന്ന ആന ചരിഞ്ഞത് എരണ്ടക്കെട്ട് രോഗം മൂലമായിരുന്നു. 50 വയസ്സിന് മുകളിലുള്ള കൊമ്പനാനയായ നീലകണ്ഠന് മതിയായ വ്യായാമം ഇവിടെ ലഭിച്ചിരുന്നില്ല. ഏഴ് ഏക്കർ സ്ഥലത്താണ് ആനത്താവളം ഉൾപ്പെടുന്ന ഇക്കോടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വിനോദസഞ്ചാരികളെ ആകർഷിക്കാനായി ആനമ്യൂസിയം, വീഡിയോ തീയേറ്റർ, കുട്ടികളുടെ മൈതാനം, കഫ്റ്റീരിയ എന്നിവ നിർമ്മിച്ചിട്ടുണ്ട്. കാലാകാലങ്ങളിലെ ഇത്തരം തെറ്റായ തീരുമാനംമൂലം സ്ഥലത്തിന്റെ പലഭാഗങ്ങളും കെട്ടിടങ്ങൾ ആയെന്നും ആനകൾക്ക് വ്യായാമത്തിന് വേണ്ട സ്ഥലം ഇല്ലാതായെന്നും ആരോപണം ഉയരുന്നു.
ആനക്കൂട് മാത്രമായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ തടി ഡിപ്പോയായിരുന്നു ഇതിനോടൊപ്പം ഉണ്ടായിരുന്നത്. ആനകളെ കുളിപ്പിക്കാനായി അച്ചൻകോവിലാറ്റിൽ കൊണ്ടുവരുന്നതും പുറം ജോലിക്ക് വിടുന്നതും പതിവായിരുന്നു. അതുവഴി ആനകൾക്ക് ആവശ്യത്തിന് വ്യായാമം ലഭിച്ചിരുന്നു. ഇക്കോടൂറിസം കേന്ദ്രം വന്നശേഷം ആഴ്ചയിൽ ഒരു ദിവസം ആനകളെ കുമ്മണ്ണൂരിൽ എത്തിച്ച് പ്രകൃതിയുമായി ഇടപഴകുന്ന രീതിയും ഉണ്ടായിരുന്നു. അത് പിന്നീട് നിർത്തലാക്കി. ആറ്റിൽ കൊണ്ടുപോയി കുളിപ്പിക്കുന്ന രീതി ഇപ്പോൾ ഇല്ല. ഷവർബാത്തും ഹോസും ഉപയോഗിച്ചുള്ള കുളിയാണ് ഇപ്പോൾ നടത്തുന്നത്.