പത്തനംതിട്ട : ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 04 -01-2025 തീയതി പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടന്നു. കേരള ആരോഗ്യ – വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. എസ്.പി.സി പദ്ധതിയുടെ ഭാഗമായുള്ള രണ്ട് വര്‍ഷത്തെ പരിശീലനത്തിലൂടെ കേഡറ്റുകള്‍ സ്വായത്തമാക്കിയ കഴിവുകള്‍ ഇന്ന് നടന്ന പരേഡിലെ അവരുടെ കൃത്യമായ ഓരോ ചലനങ്ങളിലൂടെയും നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നതായി മന്ത്രി പരേഡിന് ശേഷം കേഡറ്റുകള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ദേശീയ – സംസ്ഥാന തലങ്ങളില്‍ നടക്കുന്ന പരേഡുകളുടെ നിലവാരത്തിനോപ്പം തന്നെ നില്‍ക്കുന്ന പ്രകടനമാണ് കേഡറ്റുകള്‍ നടത്തിയിട്ടുള്ളതെന്നും അതിനായി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയ അദ്ധ്യാപകരേയും പോലീസ് ഉദ്യോഗസ്ഥരെയും പ്രശംസിക്കുകയും ചെയ്തു. തുടര്‍ന്ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ എസ്.പി.സി.ബാന്‍ഡ് ടീം ‘ബാന്‍ഡ് ഡിസ് പ്ലേ ‘ അവതരിപ്പിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ ഐ.പി.എസ്, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട അഡീഷണല്‍ പോലീസ് സൂപ്രണ്ടും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസ്സറുമായ ബിനു.ആര്‍ എന്നിവരും കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. പത്തനംതിട്ട ഡി.വൈ.എസ്.പി നന്ദകുമാര്‍, ജില്ലാ ട്രൈബല്‍ വികസന വകുപ്പ് ഓഫീസര്‍ നിസ്സാര്‍.എ, എസ്.പി.സി പദ്ധതിയുടെ എ.ഡി.എന്‍.ഓ. ജി.സുരേഷ് കുമാര്‍, പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത സ്കൂളുകളിലെ എസ്.പി.സി. ചുമതലയുള്ള പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത സ്കൂളുകളിലെ പ്രിന്‍സിപ്പില്‍മാര്‍, എസ്.പി.സി. ചുമതലയുള്ള അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും പരേഡില്‍ പങ്കെടുത്ത പത്തനംതിട്ട മാര്‍ത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട ജി.എച്ച്.എസ്.എസ്, അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസ്, അയിരവണ്‍ പി.എസ്.വി.പി.എം.എച്ച്.എസ്.എസ്, തോട്ടക്കോണം ജി.എച്ച്.എസ്.എസ്, ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസ്,സ എന്നീ സ്കൂളുകള്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും പങ്കെടുത്ത വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനും ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി.