തിരുവനന്തപുരം : സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം. സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് . രാഹുല്‍ ഗാന്ധി നയിക്കുന്ന ”ഭാരത് ജോഡോ ” യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളെല്ലാം കന്യാകുമാരിയില്‍ ആയതിനാല്‍ അവിടെ വെച്ചാകും ചര്‍ച്ചയും തീരുമാനവും.
വിജയ സാധ്യത ഇല്ലെങ്കിലും പ്രതിപക്ഷ ധര്‍മ്മം എന്ന നിലയ്ക്കാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. അടുത്ത തിങ്കളാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.എം.ബി.രാജേഷ് മന്ത്രിയായതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ഭരണപക്ഷത്ത് നിന്ന് തലശേരി എം.എല്‍ എ എ എന്‍. ഷംസീറാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
എം.ബി.രാജേഷ് സ്പീക്കറായി തിരഞ്ഞെടുത്തപ്പോഴുo പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പിസി വിഷ്ണുനാഥായിരുന്നു സ്ഥാനാര്‍ത്ഥി.ഇത്തവണ എം വിന്‍സെന്റ്, റോജി എം ജോണ്‍ എന്നീ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത് എന്നാണ് സൂചന.യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പോയാല്‍ അത് ഭരണ – പ്രതിപക്ഷ ഒത്തുകളി എന്ന ആക്ഷേപം കോണ്‍ഗ്രസില്‍ നിന്നു തന്നെ ഉയരുമോ എന്ന ആശങ്ക പ്രതിപക്ഷ നേതാവിനുണ്ട്. 11 വരെ നോമിനേഷന്‍ കൊടുക്കാന്‍ അവസരമുണ്ട്.