കോഴിക്കോട്: താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും കുടുംബം തകര്‍ന്നുപോയെന്നുമുള്ള രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. താന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് വിളിച്ചുപറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു.
‘ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു, എന്റെ കുടുംബം തകര്‍ന്നുപോയി തുടങ്ങിയ ദിവാസ്വപ്നങ്ങള്‍ നികൃഷ്ടജീവികള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. നിരവധി പേര്‍ അത് ഏറ്റുപിടിച്ചു. ചിലര്‍ അത് വിശ്വസിച്ചിട്ടുണ്ടാകാം. ആത്മഹത്യയുടെ മുന്നില്‍ അഭയം പ്രാപിക്കുന്ന അത്ര ഭീരുവുമല്ല ഞാന്‍.
ഏത് അന്വേഷണ ഏജന്‍സികളുടെ മുന്നിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമായ വിവരങ്ങള്‍ നല്‍കാമെന്ന് എന്നേ വ്യക്തമാക്കിയതാണ്. എന്നാല്‍ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തില്‍ എന്റെ മരണം പോലും പ്രതീക്ഷിക്കുന്ന ചിലര്‍ കുപ്രചാരണങ്ങള്‍ നടത്തുകയാണ്.
വ്യക്തിപരമായ ആക്രമണമായിട്ട് ഇതിനെ കരുതുന്നില്ല. നിങ്ങളതില്‍ പരാജയപ്പെടും. എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും മുകളിലുമാണ് ഞാന്‍ നില്‍ക്കുന്നത്. പത്ത് വയസ്സ് മുതല്‍ സി.പി.എമ്മിന്റെ ഭാഗമായി മാറിയതാണ്. 40 വര്‍ഷക്കാലത്തെ കഠിനവും ശക്തവും നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത വ്യക്തിത്വമാണ് താന്‍.
അതുകൊണ്ട് ഇത്തരം പ്രചാരണങ്ങളുടെ മുന്നില്‍ തലകുനിക്കുമെന്ന് പ്രതീക്ഷിക്കരുത്. തെറ്റായ പ്രചാരണങ്ങള്‍ ആരും വിശ്വസിക്കരുത്. ഇതെല്ലാം ശുദ്ധകളവാണ്. കഴിഞ്ഞദിവസം പനി ബാധിച്ചിരുന്നു. അതിനെ തുടര്‍ന്ന് വിശ്രമത്തിലാണ്’ – പി. ശ്രീരാമകൃഷ്ണന് വിഡിയോയില്‍ പറഞ്ഞു.