ചെന്നൈ : വി.ഐ.പി.കളുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന സ്പെഷ്യൽ ഫോഴ്സ് എസ്.ഐ. വീട്ടിൽ സ്വയം വെടിവെച്ച് ജീവനൊടുക്കി. വണ്ടല്ലൂർ മേൽകൊട്ടയൂരിൽ പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗൗതമനാണ് (59) മരിച്ചത്.
ചെന്നൈയിൽ ചികിത്സയിൽക്കഴിയുന്ന ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്നുള്ള ഒരു ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാച്ചുമതലയാണ് അവസാനം വഹിച്ചിരുന്നത്. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാൻ തയ്യാറായ ശേഷം പെട്ടെന്ന് കിടപ്പുമുറിയിലേക്ക് തിരിച്ചുകയറി സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഭാര്യയാണ് പോലീസിൽ വിവരമറിയിച്ചത്.
ഒരു മകന്റെ ചികിത്സാച്ചെലവിന് ഗൗതമൻ പലരിൽനിന്നും കടം വാങ്ങിയിരുന്നതായാണ് വിവരം. വലിയ കടബാധ്യതയായതോടെ ജോലിയിൽനിന്ന് സ്വയം വിരമിച്ച് കിട്ടുന്ന തുകകൊണ്ട് കടം വീട്ടാനും ഈയിടെ ഗൗതമൻ ആലോചിച്ചിരുന്നു.
എന്നാൽ വിരമിക്കാൻ ഒരുവർഷം മാത്രമുള്ളതിനാൽ ഉടനെ രാജിവെക്കേണ്ടതില്ലെന്ന് ഭാര്യ അഭിപ്രായപ്പെട്ടു. പണം ആവശ്യപ്പെട്ട് കടം നൽകിയവർ വിളിക്കുന്നതിനാൽ ഗൗതമൻ മനോവിഷമത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
ഇതാണോ മറ്റു കുടുംബപ്രശ്നങ്ങളാണോ ജോലിസമ്മർദമാണോ ജീവനൊടുക്കാൻ കാരണമായതെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചെങ്കൽപ്പെട്ട് ഗവവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി.