ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച. ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയിട്ടുള്ള സുരക്ഷാതയ്യാറെടുപ്പുകളെ കുറിച്ചുള്ള വിശദീകരണത്തിനായി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്നപക്ഷം നേരിടേണ്ട വിധമുള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സേനാവൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായ നാലാമത്തെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ചിനും കുപ്‌വാരയ്ക്കും സമീപത്തുള്ള മേഖലയിലാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ചെറിയതോതിലുള്ള വെടിവെപ്പുണ്ടായിട്ടുള്ളത്. ആക്രമണത്തോട് തക്കതായി പ്രതികരിച്ചതായി സേനാവക്താവ് അറിയിച്ചു. ജമ്മു കശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത വര്‍ധിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ഡിഫന്‍സ് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് യോഗം ചേരും. ഭീകരാക്രമണത്തേ തുടര്‍ന്ന് ജമ്മു കശ്മീര്‍ നിയമസഭ പ്രത്യേക സമ്മേളനം നടത്തുന്നു. ഭീകരാക്രമണത്തെ നിയമസഭ ഒന്നടങ്കം അപലപിച്ചു.
പ്രമേയം പാസ്സാക്കി. ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കശ്മീര്‍ ജനതയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായകനടപടികള്‍ സ്വീകരിച്ചുവരികയാണ്. സൈനികനടപടികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയെ പ്രത്യേകം നിരീക്ഷിക്കും. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ ഭീകരെന്ന് വിശേഷിപ്പിക്കാതെ ആുധധാരികളെന്ന് മാത്രം വിശേഷിപ്പിച്ച ബിബിസി പക്ഷപാതപരമായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ വ്യാജവും വര്‍ഗീയവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്ന 16 പാക് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.