പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആയവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവരെ തപാല്‍ വോട്ട് ചെയ്യിക്കുന്നതായി സ്പെഷല്‍ പോളിങ് ടീമിനുള്ള പരിശീലനം പൂര്‍ത്തിയാക്കി. പി.പി.ഇ കിറ്റ് സുരക്ഷിതമായി ധരിക്കാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ സ്‌പെഷല്‍ വോട്ടിംഗ് നടത്താം എന്നതിനുമാണ് പരിശീലനം നല്‍കിയത്. സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റിനെ സംബന്ധിച്ചും സ്‌പെഷല്‍ വോട്ടിംഗിനെ സംബന്ധിച്ചുമുള്ള ടെയിനിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ ലഭിച്ചിരുന്നു. എട്ട് ബ്ലോക്ക് ഓഫീസുകളിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.
വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കായി 69 സ്പെഷല്‍ ടീമാണ് ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ആരോഗ്യ വകുപ്പിനാണ് തപാല്‍ വോട്ട് വേണ്ടവരുടെ പട്ടിക തയ്യാറാക്കി നല്‍കേണ്ട ചുമതല. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പട്ടിക പ്രകാരമാണ് ഉദ്യോഗസ്ഥര്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ തപാല്‍ ബാലറ്റുകളുമായി എത്തുന്നത്. പി.പി.ഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥര്‍ എത്തുക. സ്പെഷല്‍ പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന്‍, റൂട്ട് ഓഫീസര്‍ എന്നിവരാണ് പോളിങ് സാമഗ്രികളുമായി വീടുകളിലേക്ക് എത്തുന്നത്.
ജില്ലയില്‍ ഇതുവരെയായി 4711 സ്പെഷ്യല്‍ വോട്ടര്‍മാരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് കൈമാറിയത്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെയും വോട്ട് ചെയ്യാനുള്ള സൗകര്യമാണ് സ്‌പെഷല്‍ വോട്ടിലൂടെ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സ്‌പെഷല്‍ വോട്ടിംഗ് നടത്തുക.