കാഞ്ഞിരപ്പള്ളി : സെന്‍റ്. ഡോമിനിക്സ് കോളേജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസ പ്രദർശനം “സ്പെക്ട്രാ” ആന്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് ഏറ്റവും വലിയ യുദ്ധങ്ങൾ അരങ്ങേറുന്നത് സാമ്പത്തിക മേധാവിത്വത്തിനു വേണ്ടിയാണെന്നും അത് സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിലൂടെയേ കൈവരിക്കാൻ കഴിയൂ എന്നും എം.പി പറഞ്ഞു. സാങ്കേതികവിദ്യയിലെ നൂതനതത്വങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള പഠന പരിശീലന കളരികളായി കലാലയങ്ങൾ മാറേണ്ടതുണ്ട്. രാജ്യത്തിൻറെ യുവ ജനസംഖ്യ ഏറ്റവും വിലപിടിപ്പുള്ള ആസ്തിയാണെന്നും അവർക്ക് സാങ്കേതികവിദ്യകൾ ആവിഷ്കരിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം ലഭിക്കുമ്പോൾ ഇന്ത്യയുടെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള നേട്ടങ്ങൾക്ക് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള സെന്‍റ്. ഡോമിനിക്സ് കോളേജും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നും അതിന് ഈ എക്സിബിഷൻ ഉദാഹരണമാണെന്നും എം.പി പറഞ്ഞു. യോഗത്തിൽ കോളേജ് മാനേജർ റെവ.ഫാ.വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ റെവ.ഫാ.മനോജ് പാലക്കുടി, കൺവീനർ ബിനോ പി ജോസ്, എക്സിബിഷൻ കൺവീനർ പ്രതീഷ് എബ്രഹാം എന്നിവർ സംസാരിച്ചു. 26 മുതൽ 28 വരെ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 7.00 വരെയാണ് പ്രവേശനം. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയും ആണ് നിരക്ക് .