പത്തനംതിട്ട : മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പുന്നയ്ക്കാട് ഏലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായി പരിഹാരമാകുന്നത്. പുന്നയ്ക്കാട് ഏലയില്‍ യന്ത്രസാമഗ്രികള്‍ ഇറക്കാനും ജലസേചന സൗകര്യം ലഭ്യമാക്കാനും നടപടി വേണമെന്ന് ഏറെക്കാലമായി കര്‍ഷകര്‍ ആവശ്യപ്പെട്ടു വരുകയായിരുന്നു.
ചെറുകിട ജലസേചനം ക്ലാസ് ഒന്ന് ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.38 കോടി രൂപ അടങ്കല്‍ തുകയ്ക്കാണ് കോലക്കുഴി പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിര്‍മ്മാണത്തിനും ഏലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ലഭിച്ചത്. ഒരു വര്‍ഷമാണ് പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി. വലിയതോടിന്റെയും നടുതോടിന്റെയും ഇരുകരകളും കയര്‍ ഭൂവസ്ത്രമുള്‍പ്പെടെയുള്ള സംരക്ഷണ പ്രവൃത്തികള്‍ ചെയ്ത് ബലപ്പെടുത്തുക, തോടുകള്‍ വൃത്തിയാക്കി ചെളി നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുക, തോടുകളില്‍ കൂടി വരുന്ന ജലം നിയന്ത്രിക്കുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുക, കൃഷിക്കാവശ്യമായ യന്ത്രസാമഗ്രികള്‍ പാടത്തേക്ക് പോകുന്നതിനായി ട്രാക്ടര്‍ ക്രോസ് സ്ഥാപിക്കുക, നിലവിലുള്ള പ്രധാന റോഡില്‍ നിന്നും ട്രാക്ടര്‍ ക്രോസിലേക്കും പാടശേഖരത്തിലേക്കുമുള്ള ബണ്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുന്നയ്ക്കാടിനേയും കുറുന്താറിനേയും ബന്ധിപ്പിക്കുന്ന കോലക്കുഴി പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായാല്‍ മാത്രമേ ഏല വികസനം പൂര്‍ണമാകുകയുള്ളൂ.