കൊച്ചി: സ്‌പൈസ് ജെറ്റിലെ കാബിന്‍ ക്രൂ മന്‍ഹാസ് അബുലീസ് സ്ഥിരം കള്ളക്കടത്തുകാരനാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീനിയര്‍ കാബിന്‍ ക്രൂവായ മന്‍ഹാസിനെ 2.55 കിലോ സ്വര്‍ണമിശ്രിതവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.
ഇയാള്‍ രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴി നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. മന്‍ഹാസ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാത്രം ആറുതവണ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇതിന് പുറമേ ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണകടത്ത് നടത്തിയതായാണ് വിവരം. ഇയാള്‍ സ്വര്‍ണം കടത്തിയിരുന്നത് ചെന്നൈ ലോബിക്ക് വേണ്ടിയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.
മന്‍ഹാസ് റാസല്‍ഖൈമയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തില്‍ കാബിന്‍ ക്രൂവായിരുന്നു. സ്വര്‍ണം മിശ്രിതമാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ സഹകരണത്തോടെ കാബിന്‍ ക്രൂവിനെ പിടികൂടുകയായിരുന്നു.