കൊച്ചി : ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ നിന്ന് 4 ലക്ഷത്തിലധികം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്ട്. ജൂണിൽ നടന്ന സ്പിരിറ്റ് മോഷണത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. കാണാതായ സ്പിരിറ്റിന്റെ വിലയും എക്സൈസ് തീരുവയും ചേർത്ത് 4 കോടിയുടെ ബാധ്യതയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.
ബിവ്റേജസ് കോർപറേഷന് വേണ്ടി ജവാൻ റം ഉദ്പാതിപ്പിക്കുന്ന പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സിൽ കോടികളുടെ സ്പിരിറ്റ് വെട്ടിപ്പാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ വരെ കമ്പനിയിലേക്ക് കൊണ്ടുവന്നതിൽ 4,60,659 ലിറ്റർ സ്പിരിറ്റിന്റെ കുറവുണ്ടെന്ന് എക്സൈസ് കണ്ടെത്തി. രണ്ട് കോടി 60 ലക്ഷം രൂപ നഷ്ടം. സ്പിരിറ്റിന്റെ എക്സൈസ് തീരുവ കൂടി ചേർത്ത് 4 കോടി പത്ത് ലക്ഷം രൂപബാധ്യത. ഇത്രയും സ്പിരിറ്റ് മറിച്ചുവിറ്റതാണോ മോഷണം പോയതാണോ എന്ന് ഇതുവരെയും വ്യക്തമല്ല. ക്രമക്കേട് നടത്തിയവർ ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
20386 ലിറ്റർ മധ്യപ്രദേശിൽ മറിച്ചു വിറ്റത് കഴിഞ്ഞ ജൂൺ 30ന് പിടിക്കപ്പെട്ടിരുന്നു. കേസിൽ പ്രതികളായ കമ്പനി ജനറൽ മാനേജർ ഉൾപ്പെടെ നാല് ജീവനക്കാർ സസ്പെൻഷനിലാണ്. കേസെടുത്ത് 6 മാസം കഴിഞ്ഞിട്ടും എക്സൈസ് പരിശോധന പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
കമ്പനിയിലേക്ക് എത്തുന്ന സ്പിരിറ്റിന്റെ അളവും ഗുണമേന്മയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ട എക്സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് ഇതുവരെയും അവന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നതും ദുരൂഹമാണ്.