തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കുന്നു എന്നാരോപിച്ച് ഇടതുമുന്നണി നടത്തുന്ന സമരം തിങ്കളാഴ്ച 5 മണിക്ക്. കേന്ദ്ര ഏജൻസികൾക്കൊപ്പം സിഎജിയെയും കടന്നാക്രമിക്കാനാണ് തീരുമാനം. സംസ്ഥാന വ്യാപകമായി 25 ലക്ഷത്തോളം പേർ സമരത്തിൽ അണിനിരക്കുമെന്നാണ് എൽഡിഎഫ് അവകാശവാദം. ഇഡിയും സിബിഐയും നടത്തുന്ന അന്വേഷണങ്ങൾ സർക്കാരിനെ വെട്ടിലാക്കിയതിനെ തുടർന്നാണ് ജനങ്ങളെ അണിനിരത്താൻ സിപിഎമ്മും ഇടതുമുന്നണിയും തീരുമാനിച്ചത്.
സംസ്ഥാന പുരോഗതിക്കായുള്ള പദ്ധതികളെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കത്തിനെതിരായ ജനകീയ പ്രതിരോധമെന്നാണ് മുന്നണിയുടെ ഭാഷ്യം.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച നിലപാട് ജനങ്ങളോട് വിശദീകരിക്കാനുള്ള അവസരമായും സമരത്തെ കാണുന്നു. കോർപറേഷനുകളിൽ ബൂത്ത് തലത്തിലും പഞ്ചായത്തുകളിൽ വാർഡ് തലത്തിലുമാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്ത് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനും കോട്ടയത്ത് കാനം രാജേന്ദ്രനും ജോസ് കെ.മാണിയും സമരത്തിൽ പങ്കെടുക്കും. മാത്യു ടി.തോമസ്, എം.വി.ശ്രേയാംസ് കുമാർ, ടി.പി.പീതാംബരൻ തുടങ്ങിയ നേതാക്കളും വിവിധയിടങ്ങളിൽ സമരത്തിൽ പങ്കാളികളാകും.
മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം സമരത്തിൽ പങ്കാളികളാകണം എന്നായിരുന്നു ഇടതു മുന്നണി തീരുമാനം. പിന്നീട് ഇതിൽ അനൗചിത്യമുണ്ടെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട എന്ന് സിപിഎം ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. രോഗത്തെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരമെന്ന് ഇടതുമുന്നണി നേതൃത്വം അറിയിച്ചു.