പത്തനംതിട്ട: വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ജോലി നേടിയ ജീവനക്കാരിയ സംരക്ഷിക്കുന്ന സ്പോർട്സ് കൗൺസിൽ ഭാരവാഹികളുടെ നടപടിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. സംസ്ഥാന സ്പോർട്സ് കൗൺസിലിലെ അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് ദേശീയ കായിക വേദി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിലാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയത്. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഫയൽ പൂഴ്ത്തിവെച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് ഒരു പരീശിലകനെതിരെ പരാതി നൽകിയെങ്കിലും പരിശീലകനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്വികരിച്ചത്. കോവിഡ് 19 ന്റെ മറവിൽ സംസ്ഥാന – ജില്ല സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ നടക്കുന്ന അനധികൃത നിയമനങ്ങളെക്കുറിച്ചും സമഗ്രഅന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ കായികവേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.എ.സുരേഷ് കുമാർ , അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് , ദേശീയ കായികവേദി സംസ്ഥാന സമിതിയംഗം പ്രൊഫ. ജി.ജോൺ , അഡ്വ. എ .ഷബീർ അഹമ്മദ് , അജിത്ത് മണ്ണിൽ , അബ്ദുൾ കലാം ആസാദ് , എസ്. അഫ്സൽ തുടങ്ങിയവർ പ്രസംഗിച്ചു.