ഹൈദ്രാബാദ് : കേരളത്തില്‍ വന്‍ വിവാദം സൃഷ്ടിച്ച അമേരിക്കന്‍ കമ്പിനി സ്പ്രിംഗ്ലറിന്റെ സഹായം കോവിഡ് വിവരവിശകലനത്തിനായി തേടി മറ്റൊരു ഇന്ത്യന്‍ സംസ്ഥാനം കൂടി രംഗത്ത്. തെലങ്കാനയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ പൊതുജന പെരുമാറ്റങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും സ്പ്രിംഗ്ലറിന്റെ സഹായം തേടിയിരിക്കുന്നത്. ഫേസ്ബുക്ക്. ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് തെലങ്കാന സ്പ്രിംഗ്ലറിനെ സമീപിച്ചിരിക്കുന്നത്. കേരളത്തിലും സമാനമായ സേവനമാണ് ഈ കമ്പിനി നല്‍കിയിരുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രക്ഷോഭം കേരള സര്‍ക്കാരിന് സ്പ്രിംഗ്ലറുമായുള്ള സേവനം തുടരുന്നതിന് പ്രതിബന്ധം സൃഷ്ടിച്ചു. വിശകലനത്തിനായി സര്‍ക്കാര്‍ ശേഖരിക്കുന്ന രോഗികളുടെ വിവരങ്ങള്‍ മുഴുവന്‍ കമ്പിനി സ്വന്തമാക്കുമെന്നായിരുന്നു കേരളത്തില്‍ പ്രതിപക്ഷത്തിന്റെ ആശങ്ക.
സോഷ്യല്‍ മീഡിയയില്‍ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന പരാമര്‍ശങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിച്ച് രോഗവ്യാപന സാധ്യതകളെ മനസ്സിലാക്കുകയും ചെയ്യാന്‍ സ്പ്രിംഗ്ലറിന്റെ സഹായം സര്‍ക്കാരിന് ഉപകാരപ്പെടും. പൊതുജനങ്ങളുടെ ചര്‍ച്ചകളില്‍ നിന്നും തന്നെ കോവിഡ് രോഗത്തിന്റെ ഹോട്ട് സ്പോട്ടുകള്‍ തിരിച്ചറിയാന്‍ കഴിയും. ശേഖരിക്കുന്ന വിവരങ്ങളെല്ലാം വിശകലനം ചെയ്ത് ഓരോ പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പ്രിംഗ്ലറിന്റെ ടൂളിന് സാധിക്കും.
തങ്ങളുടെ രോഗലക്ഷണങ്ങളും മറ്റും മറ്റേതെങ്കിലും ചര്‍ച്ചയില്‍ പറയുന്നതു പോലും കണ്ടെത്താനും തിരിച്ചറിയാനും സ്പ്രിംഗ്ലറിന്റെ ടൂളിന് സാധിക്കും. പിപിഇ കിറ്റുകളുടെ അഭാവം തുടങ്ങിയ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാതികളും ഇതുവഴി തിരിച്ചറിയും. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തിരിച്ചറിഞ്ഞ് തടയാനും ഈ ടൂള്‍ ഉപയോഗിക്കുക വഴി സര്‍ക്കാരിന് കഴിയും. ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഗ്രാഫുകള്‍ പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തോതില്‍ ഉപയോഗപ്പെടുകയും ചെയ്യും.
വിവിധ നഗരങ്ങളില്‍ രോഗലക്ഷണങ്ങളെക്കുറിച്ച് എത്രത്തോളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ഗ്രാഫ് സ്ര്പിംഗ്ലര്‍ നിര്‍മിച്ചിട്ടുണ്ട് തെലങ്കാന സര്‍ക്കാരിനു വേണ്ടി. ടെസ്റ്റിങ് സംബന്ധിച്ചും ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ചുമെല്ലാമുള്ള ചര്‍ച്ചകളുടെ ഗ്രാഫുകള്‍ കമ്പിനി നിര്‍മിച്ചു നല്‍കുന്നു. രോഗം ഏതെല്ലാം വിധത്തില്‍ എവിടെയെല്ലാം പടരുന്നുവെന്നതിന് വ്യക്തതയുള്ള ചിത്രം നല്‍കാന്‍ ഇതുപകരിക്കുന്നുണ്ട്.
വിവരവിശകലനത്തിനായി കേരളത്തില്‍ നിന്നും ശേഖരിച്ച് വിവരങ്ങള്‍ തങ്ങള്‍ക്ക് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം മറ്റൊരു കാര്യത്തിനും ഉപയോഗിച്ചിട്ടില്ലെന്ന് മെയ് 26ന് സ്പ്രിംഗ്ലര്‍ കമ്പിനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. കോവിഡ് വിവര വിശകലനത്തിനായി കമ്പിനിയുടെ കൈവശം ഉള്ള മുഴുവന്‍ ഡാറ്റയും നശിപ്പിച്ചതായും അവര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സ്പ്രിങ്ക്ളര്‍ കമ്പിനിയുടെ കൈവശമുള്ള കോവിഡ് സംബന്ധമായി ശേഖരിച്ച എല്ലാ ബാക്ക് അപ് ഡാറ്റകളും നശിപ്പിച്ചുവെന്നാണ് കമ്പനി അറിയിച്ചത്.