പത്തനംതിട്ട : ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവിപണിയില്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോന്നി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ്,റവന്യു,ഫുഡ് സേഫ്റ്റി,ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി കോന്നി താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മുപ്പത്തിയഞ്ച് സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന അഞ്ച് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും മട്ടഅരിക്ക് അമിതവില ഈടാക്കിയതിന് ഒരു കേസും പായ്‌ക്കേജ്ഡ് കമ്മോഡിറ്റീസ് നിയമ ലംഘനത്തിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര വയ്ക്കാത്തതിന് രണ്ട് സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നിര്‍ദ്ദേശം നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.മൃണാള്‍സെന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷൈനി പി വര്‍ഗ്ഗീസ്, ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ ഇന്ദുബാല,ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ശരത്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.സജി കുമാര്‍, മനോജ് മാത്യു എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.