ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കര്‍ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീന്‍ പൂനവാലയുടെ ക്രൂരതകളില്‍ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടില്‍ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പോലീസിനോടു പറഞ്ഞു.വിവിധ ഡേറ്റിങ് ആപ്പുകളിലായി 15-20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12-ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവര്‍ക്ക് അഫ്താബ് സമ്മാനമായി നല്‍കിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ‘കെയറിങ്’ കാമുകനായിരുന്നു അഫ്താബെന്നും യുവതി പറയുന്നു.
പങ്കാളിയായിരുന്ന ശ്രദ്ധയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അഫ്താബ് അറസ്റ്റിലായതിന്റെ നടുക്കം യുവതിക്ക് മാറിയിട്ടില്ല. യുവതിക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ഒക്ടോബറില്‍ 2 തവണ താന്‍ അഫ്താബിനെ ഫ്ലാറ്റിലെത്തി കണ്ടിരുന്നുവെന്നും വീട്ടില്‍ കൊലപാതകം നടന്നതിന്റെയോ മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിജില്‍ സൂക്ഷിച്ചിരുന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.
പെര്‍ഫ്യൂമുകളുടെ വലിയശേഖരം അഫ്താബിനുള്ളത് ശ്രദ്ധയില്‍പ്പെട്ടു. സമ്മാനമായി താന്‍ പെര്‍ഫ്യൂം നല്‍കിയെന്നും യുവതി വ്യക്തമാക്കി. പ്രണയിച്ച സമയങ്ങളിലൊന്നും അഫ്താബിനു മാനസിക പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. ധാരാളം പുകവലിച്ചിരുന്നു. സ്വയം ചുരുട്ടിയാണ് വലിച്ചിരുന്നത്.പലപ്പോഴും പുകവലിശീലം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. പരസ്പരം കണ്ടപ്പോഴെല്ലാം അഫ്താബ് വിവിധതരം നോണ്‍-വെജ് ഭക്ഷണങ്ങള്‍ പല റസ്റ്ററന്റുകളില്‍നിന്ന് വരുത്തിയിരുന്നു. ഷെഫുമാര്‍ ഭക്ഷണം അലങ്കരിക്കുന്നതിനെ കുറിച്ച് അഫ്താബ് വാതോരാതെ സംസാരിച്ചിട്ടുണ്ടെന്നും യുവതി മൊഴി നല്‍കി.