തിരുവനന്തപുരം: 270 വർഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അപൂർവമായ മഹാ കുംഭാഭിഷേകം ചടങ്ങ് നടത്തുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂൺ 8 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭാഭിഷേകം ചടങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. സുപ്രീം കോടതി 2017 ൽ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. നവീകരണ പ്രവർത്തനങ്ങൾ കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ നീണ്ടുപോയിരുന്നു.
തുടർന്ന് 2021 മുതൽ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് ഇപ്പോൾ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്ര മാനേജർ ബി ശ്രീകുമാർ അറിയിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിപുലമായ ശ്രീകോവിലിൽ പുനരുദ്ധാരണവും അനുബന്ധ ചടങ്ങുകളും നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തർക്ക് ഈ ആചാരങ്ങൾ കാണാൻ കഴിയുന്നത് അപൂർവ അവസരം കൂടിയാണ് ലഭിക്കുന്നത് എന്നും ശ്രീകുമാർ പറയുന്നു. ശ്രീകോവിലിനു മുകളിൽ മൂന്നെണ്ണവും ഒറ്റക്കൽ മണ്ഡപത്തിന് മുകളിൽ ഒരെണ്ണവും ഉൾപ്പെടുന്ന പുതുതായി നിർമ്മിച്ച താഴികക്കുടങ്ങളുടെ പ്രതിഷ്ഠ, പ്രധാന സമുച്ചയത്തിനുള്ളിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, അഷ്ടബന്ധകലശം എന്നിവയാണ് മഹാ കുംഭാഭിഷേക ചടങ്ങിൽ ഉൾപ്പെടുന്നത്. മഹാ കുംഭാഭിഷേകത്തിന് മുമ്പുള്ള ദിവസങ്ങളിൽ ആചാര്യവരണം, പ്രസാദ ശുദ്ധി, ധാര, കലശം എന്നിവയുൾപ്പെടെ വിവിധ ആചാരങ്ങൾ നടത്തുമെന്ന് ക്ഷേത്ര വൃത്തങ്ങൾ അറിയിച്ചു.