പാലക്കാട് : പാലക്കാട് ആർഎസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഇവർ കടയിൽ എത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. ഒരു സ്ത്രീയാണ് ബൈക്കിന്റെ ഉടമ. സ്ത്രീ വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഈ ബൈക്ക് നിലവിൽ കൈവശമുള്ളയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
അതേസമയം ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് പുറത്ത് വരുന്ന വിവരം. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്. ആറ് പേർ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയിൽ എത്തിയെന്നും മൂന്ന് പേർ കടക്കുള്ളിൽ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്.