കൊച്ചി : യുവതിയുടെ പരാതിയിന്മേൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണെന്നു സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾവഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും പറയുന്നു.
സോഷ്യല്‍മീഡിയയില്‍ താരമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള ബലാത്സംഗക്കേസ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പരിപാടികളിലൂടെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ച് സംസാരിച്ചയാള്‍ തന്നെ ബലാത്സംഗക്കേസില്‍ പ്രതിയായത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഏറെ കാഴ്ച്ചക്കാരുള്ള വ്‌ളോഗറായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍. പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികൾ തുടങ്ങിയത്. ഏറെ താമസിയാതെ ശ്രീകാന്തിന്റെ വീഡിയോകള്‍ക്ക് ആരാധാകരേറെയായി. പൊളിറ്റിക്കല്‍ കറക്‌ട്നസ് പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് അദ്ദേഹത്തിന് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരെ സൃഷ്ടിച്ചു.
നിറം, രൂപം, വംശീയത, ലിംഗം, മതം, ജാതി എന്നിവയെ ഒന്നും കളിയാക്കാതെയുള്ള ശ്രീകാന്തിന്റെ കോമഡി വീഡിയോകള്‍ക്കും കാഴ്ച്ചക്കാരേറെയായി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ മുഖ്യധാര മാധ്യമങ്ങളിലും ശ്രീകാന്ത് നിറഞ്ഞു നിന്നു. മുന്‍നിര മാധ്യമങ്ങളില്‍ അഭിമുഖങ്ങളടക്കം പ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയിലും ശ്രീകാന്തിന് അവസരം ലഭിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മറ്റ് ചില ചിത്രങ്ങളിലും അഭിനയിച്ചു. നേരത്തെ പേര് വെളിപ്പെടുത്താതെ യുവതി ഇയാള്‍ക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും പിന്നീട് ശ്രീകാന്ത് വെട്ടിയാര്‍ തന്നെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.