കൊളംബോ : സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും വലയ്ക്കുന്ന ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി അന്താരാഷ്ട്ര നാണയനിധി. കൊളംബോയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 2.9 ബില്യണ്‍ ഡോളര്‍ (290 കോടി ഡോളര്‍) ദ്വീപ് രാഷ്ട്രത്തിന് വായ്പയായി നല്‍കാന്‍ ഐഎംഎഫ് തീരുമാനിച്ചു. 51 ബില്യണ്‍ ഡോളര്‍ വിദേശ കടമാണ് മൊത്തത്തില്‍ ശ്രീലങ്കയ്ക്കുള്ളത്. രാജ്യത്തിന്‍റെ തിരിച്ചുവരവിന് ഐഎംഎഫ് വായ്പ ചെറിയ തോതിലെങ്കിലും സഹായിക്കുമെന്നാണ് കരുതുന്നത്.
പുതിയ സാമ്പത്തിക സഹായത്തിലൂടെ ശ്രീലങ്കയുടെ മാക്രോ ഇക്കണോമിക് സ്ഥിരതയും കടം സുസ്ഥിരതയും പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഎംഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊളംബോയില്‍ ഒമ്പത് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലങ്കയ്ക്ക് വായ്പ നല്‍കാന്‍ ഐഎംഎഫ് തീരുമാനിച്ചത്.
“നിലവിലെ സ്ഥിതി പരിഗണിച്ച് ശ്രീലങ്കയുടെ സാമ്പത്തിക മേഖല അല്‍പമെങ്കിലും മെച്ചപ്പെടാന്‍ അവര്‍ക്ക് കടം നല്‍കിയവര്‍ കടാശ്വാസം പ്രഖ്യാപിക്കണം. നിക്ഷേപകരില്‍ നിന്ന് സാമ്പത്തിക സഹായവും കൂടി ലഭിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ലങ്കയ്ക്ക് സാധിക്കുകയുള്ളൂ,” വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശ്രീലങ്ക കടം വാങ്ങിയ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഇളവുകള്‍ ഉണ്ടാവുമെന്ന് ഉറപ്പ് ലഭിക്കേണ്ടതുണ്ട്. സ്വകാര്യ കടക്കാര്‍ക്ക് തിരിച്ചടവ് ഉറപ്പ് നല്‍കി അവരെ പൂര്‍ണമായും വിശ്വസിപ്പിച്ച് ഒരു സഹകരണ കരാറിലെത്താന്‍ സാധിക്കണം. ഐഎംഎഫ് സാമ്പത്തിക സഹായം നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വരുമാനം വര്‍ധിപ്പിക്കാനും സബ്‌സിഡികള്‍ ഒഴിവാക്കാനും വിദേശ കരുതല്‍ ശേഖരം പഴയ നിലയില്‍ എത്തിക്കാനും ആവശ്യത്തിന് മാറ്റം വരുത്തുന്ന തരത്തില്‍ എക്‌സ്‌ചേഞ്ച് നിരക്ക് ഉറപ്പാക്കാനും പരിശ്രമിക്കുമെന്ന് ശ്രീലങ്ക ഉറപ്പ് നല്‍കിയതായി ഐഎംഎഫ് അറിയിച്ചു.
ശ്രീലങ്കയില്‍ അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ ഉലച്ചിരിക്കുകയാണ്. ജനം തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നയിച്ചതോടെ നിക്കക്കള്ളിയില്ലാതെ പ്രസിഡന്‍റ് ഗോതബായ രാജപക്സെയ്ക്ക് സ്ഥാനം രാജിവെച്ച് രാജ്യം വിടേണ്ടി വന്നു. റെനില്‍ വിക്രമസിംഗെയാണ് ലങ്കയുടെ പുതിയ പ്രസിഡന്‍റ്.
നിലവില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് 51 ബില്യണ്‍ ഡോളറിന്‍റെ കടബാധ്യതയുണ്ട്. വായ്പയുടെ പലിശയടക്കാന്‍ പോലും രാജ്യത്തിന് കഴിയുന്നില്ല. സാമ്പത്തിക വളര്‍ച്ചക്ക് പ്രധാന ചുക്കാന്‍ പിടിച്ചിരുന്ന ടൂറിസം രംഗത്തെ വളര്‍ച്ചയും മന്ദഗതിയിലായി. 2019 ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതും കോവിഡ് മഹാമാരിയുമാണ് ടൂറിസം രംഗത്തെ പ്രധാനമായും ബാധിച്ചത്.
രൂപയുടെ മൂല്യം 80 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയ്ക്ക് ചെലവേറി. ഗ്യാസോലിന്‍, പാല്‍, പാചക വാതകം, ടോയ്‌ലറ്റ് പേപ്പര്‍ എന്നിവ പോലും ഇറക്കുമതി ചെയ്യാന്‍ പണമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം മാറി. രാജ്യത്തെ ഇപ്പോഴത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ രാഷ്ട്രീയ രംഗത്തുള്ളവരുടെ അഴിമതിയും പ്രധാന കാരണം ആയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തിന്‍റെ സമ്പത്ത് പാഴാക്കി കളയുന്നതില്‍ ഇക്കൂട്ടരും കാരണക്കാരാണ്.