കൊളംബോ : ശ്രീലങ്കയില്‍ തുടരുന്ന പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഭരണകൂടം. പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ യുവാവിനെ മതമൗലികവാദികള്‍ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബോയിലെ പാക് ഹൈക്കമ്മീഷനു മുന്‍പിലുള്‍പ്പെടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
ശ്രീ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായി എത്തിയ പാക് താരങ്ങളാണ് നിലവില്‍ ശ്രീലങ്കയില്‍ ഉള്ളത്. പാക് താരങ്ങളായ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഷൊഐബ് മാലിക്, മുഹമ്മദ് ഉമര്‍, ഷൊഐബ് മഖ്‌സൂദ്, ഉസ്മാന്‍ ഷിന്‍വാരി, അഹമ്മദ് ഷഹ്‌സാദ്, അന്‍വര്‍ അലി, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായി ശ്രീലങ്കയില്‍ തുടരുന്നത്.
മത്സര ശേഷം ഇവരെ വേഗം പാകിസ്താനിലേക്ക് മടക്കി അയക്കാനാണ് അധികൃതരുടെ തീരുമാനം. ഞായറാഴ്ച ആരംഭിച്ച മത്സരം ഡിസംബര്‍ 23 നാണ് അവസാനിക്കുക. പാകിസ്താനിലെ വസ്ത്രഫാക്ടറിയില്‍ ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന പ്രിയന്ത കുമാര ദിയാവാദനയെയാണ് മതനിന്ദ ആരോപിച്ച് മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ അദ്ദേഹത്തെ ആളുകള്‍ക്ക് മുന്‍പിലിട്ട് കത്തിക്കുകയായിരുന്നു.