ദില്ലി: കര്‍ണാടകയിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലും വികസനം നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. ബെംഗളൂരുവിന്റെയോ കര്‍ണാടകയുടെയോ വികസനത്തിന് തങ്ങളുടെ പക്കല്‍ പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നും, കടബാധ്യത വര്‍ധിക്കുന്ന രാജസ്ഥാനിലും സ്ഥിതി ഇതുതന്നെയാണെന്നും മോദി ആരോപിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.
ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വശത്ത്, ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യം കൈവരിച്ച അതിവേഗ നേട്ടങ്ങള്‍ കാണാന്‍ കഴിയും. പൂനെയില്‍ നടക്കുന്ന വികസനം നോക്കൂ, മറുവശത്ത് ബെംഗളൂരുവില്‍ എന്താണ് സംഭവിക്കുന്നതെന്നും മോദി ചോദിച്ചു. ബെംഗളൂരു ആഗോള നിക്ഷേപ കേന്ദ്രവും ഐടി ഹബ്ബുമാണ്. അതിവേഗ വികസനം ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. കടബാധ്യത വര്‍ധിക്കുന്ന രാജസ്ഥാനിലും സ്ഥിതി ഇതുതന്നെയാണ്. ഒരു പാര്‍ട്ടി തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സംസ്ഥാന ഖജനാവ് കാലിയാക്കിയാല്‍ അതിന്റെ ഭാരം ജനങ്ങളാണ് ഏല്‍ക്കുന്നത്. 2014 വരെ ഇന്ത്യയില്‍ മെട്രോ ശൃംഖല 250 കിലോമീറ്ററില്‍ താഴെ മാത്രമാണുണ്ടായിരുന്നതെന്നും ഇതില്‍ ഭൂരിഭാഗവും ഡല്‍ഹി എന്‍സിആറിലാണെന്നും മോദി പറഞ്ഞു.