പത്തനംതിട്ട : ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിൻ അരവണ തുലാമാസ പൂജകൾക്കുശേഷം ഹൈദരാബാദിലെത്തിച്ച് വളമാക്കും. 1.16 കോടി രൂപ ചെലവഴിച്ച് ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അരവണ നീക്കം ചെയ്യാൻ കരാറെടുത്തിരിക്കുന്നത്. രണ്ടു വർഷത്തിലധികമായി ശബരിമല മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരവണ നീക്കംചെയ്യാൻ കഴിഞ്ഞ സെപ്തംബറിൽ അനുമതി ലഭിച്ചെങ്കിലും നീക്കം ചെയ്തിരുന്നില്ല. സ്‌പെഷ്യൽ കമ്മിഷണർ ഇടപെട്ടതോടെയാണ് അരവണ നീക്കം വേഗത്തിലാക്കുന്നത്.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. തീർത്ഥാടന കാലയളവിൽ അരവണക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകൂട്ടി നിർമ്മിക്കുന്ന അരവണ സൂക്ഷിക്കാനും മാളികപ്പുറത്തെ ഗോഡൗൺ അത്യാവശ്യമാണ്. ഈ കാര്യം കൂടി പരിഗണിച്ചാണ് നടപടി വേഗത്തിലാക്കുന്നത്.
2021-22 കാലയളവിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേതുടർന്ന് അരവണ വില്പന നടത്താതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കേസ് സുപ്രീംകോടതിവരെ എത്തുകയും അരവണയുടെ സാമ്പിൾ വീണ്ടും പരിശോധിക്കുകയും ചെയ്തു. അരവണയിൽ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിരുന്നു. പഴകിയ അരവണ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് ശബരിമലയിൽ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കിയെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. ഇതോടെ അരവണ ശബരിമലയ്ക്ക് പുറത്തെത്തിച്ച് നശിപ്പിക്കാൻ ദേവസ്വം ബോർഡ് നിർബന്ധിതമായത്.