ദുബായി : ഐപിഎല്‍ പതിനേഴാം സീസണ് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലേലം തുടങ്ങും. ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളും ഉള്‍പ്പെടെ 333 താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 8 മലയാളി താരങ്ങളും ലേലത്തിനുണ്ട്. 10 ഫ്രാഞ്ചെസികളിലുമായി ആകെ 77 ഒഴിവുകളാണുള്ളത്. അതേസമയം ഐപിഎൽ ചരിത്രത്തിലാദ്യമായി ഒരു വനിത ഓക്‌ഷണർ നിയന്ത്രിക്കുന്ന ലേലമായിരിക്കും ഇന്ന് ദുബായിൽ നടക്കുക. പ്രൊ കബഡി ലീഗ്, വിമൻ പ്രിമിയർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളുടെ താരലേലം നിയന്ത്രിച്ചു പരിചയമുള്ള മുംബൈ സ്വദേശിനി മല്ലിക സാഗറാണ് ഇന്നത്തെ ഐപിഎൽ ലേലം നിയന്ത്രിക്കുക.
ഇക്കുറി മിനി ലേലമാണെങ്കിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ശ്രദ്ധേയപേരുകള്‍ ലേലത്തിനുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 262.95 കോടി രൂപ ചെലവഴിക്കാം. ഓരോ ടീമും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് താരലേലത്തിനെത്തുക. 31.4 കോടി കൈയിലുള്ള ചെന്നൈ വെറ്ററന്‍ താരം അംബാട്ടി റായുഡു, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തും. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ട ഗുജറാത്ത് ടൈറ്റന്‍സിനുമേലാണ് സമ്മര്‍ദം ഏറ്റവും കൂടുതല്‍. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് അനിശ്ചിതമായി തുടരുന്നതിനാല്‍ ഡല്‍ഹിയും സൂപ്പര്‍ താരങ്ങളെ നോട്ടമിടുന്നുണ്ട്. ഹര്‍ഷല്‍ പട്ടേലിനെ വിട്ടുനല്‍കിയ ബാംഗ്ലൂരിന് പകരമായി ഓള്‍റൗണ്ടര്‍മാരെ തന്നെ നോട്ടമിട്ടേക്കും. രോഹിതിനു പകരം ഹാര്‍ദികിനെ നായകനാക്കിയ മുംബൈയെ സംബന്ധിച്ച വലിയ സൈനിങ്ങുകളൊന്നും ഉണ്ടാകാനിടയില്ല.