തൃശൂര്‍ : തിരുവനന്തപുരത്ത് നടന്ന 63ആം സംസ്ഥാന കലോത്സവത്തിൽ തൃശൂർ ജില്ലാ സ്വർണകപ്പ് നേടിയതിന്റെ സന്തോഷത്തിലാണ് കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്കൂൾ. കുന്നംകുളം സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായും തൃശൂർ ജില്ലയിൽ ആറാം സ്ഥാനകാരായും സംസ്ഥാന കലോത്സവത്തിന് പോയ ബഥനി പങ്കെടുത്ത മുഴുവൻ ഇനങ്ങൾക്കും എ ഗ്രേഡ് സ്വന്തമാക്കി. അപ്പീലിലൂടെ മത്സരിച്ച രണ്ട് ഇനങ്ങൾ ഉൾപ്പടെ 9 ഇനങ്ങളിലായി 35 പോയിന്റുകൾ തൃശൂർ ജില്ലയ്ക്കായി നൽകാൻ സാധിച്ചതിന്റെ അഭിമാനത്തിലാണ് ബഥനി. ഹയർ സെക്കന്ററി വിഭാഗത്തിൽ വട്ടപാട്ട്, ഉറുദു ഗസൽ, ഉർദു പദ്യം ചൊല്ലൽ, മോഹിനിയാട്ടം എന്നിവയും, ഹൈ സ്കൂൾ വിഭാഗത്തിൽ ഒപ്പന, വട്ടപാട്ട്, യക്ഷാഗാനം, കന്നഡ പദ്യം ചൊല്ലൽ, തബല എന്നിവയിലുമാണ് ബഥനി വിജയകുതിപ്പ് നടത്തിയത്. ജൂൺ മാസം മുതൽക്ക് തന്നെ ആരംഭിച്ച ചിട്ടയായ പരിശീലനത്തിന്റെയും കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടം എന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി പറഞ്ഞു.
സ്കൂളിന്റെ ഏതൊരു ആവശ്യത്തിനും മികച്ച പ്രോത്സാഹനം നൽകി വരുന്ന സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഓ ഐ സിയുടെ നേതൃത്വം ഈ വിജയത്തിന് ഒരുപാട് ഉപകരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സ്കൂളിൽ ചേർന്ന അനുമോദന ചടങ്ങിൽ ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മുഖ്യഅതിഥി ആയി. കുട്ടികൾക്ക് ട്രോഫിയും മധുരവും നൽകി അവരെ അനുമോദിച്ചു. പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി യെ പൊന്നാട അണിയിച്ച് അനുമോദിച്ചു. പഠനത്തോടൊപ്പം കലാപരമായ കഴിവുകളേയും പ്രോത്സാഹിപ്പിക്കുന്നതിൽ സ്കൂൾ കാണിക്കുന്ന ഉത്സാഹത്തെ അദ്ദേഹം പ്രകീർത്തിച്ചു. സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഓ ഐ സി കുട്ടികളെ അധ്യാപകരെയും അഭിനന്ദിച്ചു. ബഥാന്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. സി എൽ ജോഷി, വെള്ളിത്തിരുത്തി ബ്ലമിങ് ബഡ്‌സ് ബഥാന്യ സ്കൂൾ പ്രിൻസിപ്പൽ സി. ഷെബാ ജോർജ്, ബഥനി സെന്റ്. മേരീസ് നഴ്സറി പ്രിൻസിപ്പൽ റീന ഡേവിസ് എന്നിവർ പങ്കെടുത്തു.