പത്തനംതിട്ട : സംസ്ഥാനത്തെ റേഷൻ വിതരണം സിവിൽ സപ്ലൈസ് കോർപ്പറേഷനിൽനിന്ന് സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് നേരിട്ട് ഏറ്റെടുക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോൺസൻ വിളവിനാൽ പറഞ്ഞു. നോഡൽ ഏജൻസിയായ കോർപ്പറേഷൻ തികച്ചും പരാജയമാണ്. അടിക്കടി കരാറുകാർ സമരം ചെയ്യുന്നതുമൂലം 90 ലക്ഷം കാർഡ് ഉടമകളെ ബാധിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ കോർപ്പറേഷന് കഴിയുന്നില്ല.
കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന അരി കൃത്യസമയത്ത് വിതരണം ചെയ്യാത്തതുമൂലം കേരളത്തിലെ 14,000-ത്തോളം റേഷൻ കടക്കാർക്കും ഭീമമായ നഷ്ടം ഉണ്ടാക്കുകയും കാർഡ് ഉടമകൾ കടയിലെത്തി കടക്കാരുമായി വഴക്കിടുകയും ചെയ്യുന്നത് പതിവായി മാറി. പ്രശ്നം പരിഹരിക്കുന്നതിന് സിവിൽ സപ്ലൈസ് ഉന്നത ഉദ്യോഗസ്ഥരുടേയും റേഷൻ സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ചചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.