കോഴിക്കോട്: കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസധനം വിതരണം ചെയ്യാനായില്ല. പണം ജില്ല കലക്ടര്‍മാരുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെങ്കിലും റവന്യൂവകുപ്പില്‍നിന്ന് രേഖകള്‍ ശരിയാവാന്‍ വൈകുന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പിശകുകള്‍ തിരുത്താന്‍ സമയമെടുക്കുന്നതും തടസ്സമാവുകയാണ്.
പത്തുലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചത്. ദുരന്തം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും ആശ്വാസ സഹായമായി ലഭിക്കേണ്ട തുക ലഭിച്ചില്ല.
അതേസമയം, എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇന്‍ഷുറന്‍സ് അഡ്വാന്‍സായി പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും അടിയന്തരസഹായം ലഭ്യമായിട്ടുണ്ട്. വില്ലേജ് ഓഫിസുകളില്‍നിന്നും മറ്റും രേഖകള്‍ ശരിയാവാന്‍ വൈകുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ സഹായം വൈകാന്‍ ഒരു കാരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പേരുള്‍പ്പെടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ വന്ന പിശകുകള്‍ തിരുത്താന്‍ വൈകുന്നതും സഹായ വിതരണം വൈകാന്‍ കാരണമാവുന്നുണ്ട്.
ഇതിനുവേണ്ടി ഒരു ഡിവൈ എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ കൂടെ യാത്ര ചെയ്തവരാണ് രേഖകള്‍ ശരിയാക്കാന്‍ ഒാഫിസുകള്‍ കയറിയിറങ്ങുന്നത്. ഇവരില്‍ പലരും പരിക്കേറ്റതിന്റെ പ്രയാസത്തിലാണ്. 22 പേരാണ് കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ചത്.
150 ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. കാലിനാണ് ഏറെപേര്‍ക്കും ഗുരുതര പരിക്ക്. അഞ്ചുമുതല്‍ പത്തുവരെ ശസ്ത്രക്രിയകള്‍ കഴിഞ്ഞവരാണ് അധികവും. പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ കഴിഞ്ഞ വയനാട് സ്വദേശി നൗഫല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്.
അപകടത്തില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് നൗഫലിനായിരുന്നു. ഒന്നരമാസം കഴിഞ്ഞ് ഇനിയും ശസ്ത്രക്രിയ വേണം നൗഫലിന്. പരിക്കേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നില്ല.