തിരുവനന്തപുരം : സിപിഎമ്മിന്റെ നയം നടപ്പാക്കാൻ കേരളത്തിലെ ഭരണത്തിന് സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനാ പരമായ ഭരണകൂടത്തിന്റെ നയം വെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും ആ നയം വെച്ചാണ് കേരളത്തിലെ പോലീസിനെയും ഭരണകൂട സംവിധാനത്തിനെയും എൽഡിഎഫ് സർക്കാറിനെയും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ അവിടുത്തെ യൂട്യൂബേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ പരിപാടികൾ നടപ്പാക്കാനുള്ള ഭരണകൂട വ്യവസ്ഥിതിയുടെ ഭാഗമായിട്ടുള്ള ഭരണമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തിന് പുറപ്പെട്ടത്. ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പാര്‍ട്ടി സെക്രട്ടറി കുടുംബ സമേതം യാത്രയായത്. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിത്ഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഓസ്ട്രേലിയക്ക് പോയത്. ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംകാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദൻ പങ്കെടുക്കുന്നത്. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ, പെര്‍ത്ത് എന്നിവിടങ്ങിളിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്.