തിരുവനന്തപുരം: കേരളത്തിൽ മാധ്യമങ്ങൾക്ക് നേരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് അഡ്വ.വർഗ്ഗീസ് മാമ്മൻ. ഇന്ത്യയിൽ പത്രസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന മാർക്സിസ്റ്റ് പാർട്ടിയും അവർ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരും കഴിഞ്ഞ കുറെ നാളുകളായി മാധ്യമങ്ങൾക്ക് നേരെ നടത്തുന്ന വേട്ടയാടൽ ഭരണകൂട ഭീകരതയായി മാത്രമെ കാണുവാൻ കഴിയുകയുള്ളൂവെന്നും അദേഹം പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ എക്കാലവും അംഗീകരിക്കുമെന്ന് മുറവിളി കൂട്ടുന്ന ഇടത്പക്ഷ സാംസ്കാരിക നായകരും ആശയപ്രചാരകരും ഇന്ന് മൗനത്തിലാണ്.
തിരഞ്ഞുപിടിച്ച് മാധ്യമങ്ങളെ ആക്രമിക്കുകയും പോലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുന്ന നടപടികളിൽകൂടിയും ചാനലിൽ അവതാരകരായും റിപ്പോർട്ടർമാരായും വരുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ കള്ളക്കേസെടുക്കുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടയ്ക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തും ഒരു ഏകധിപതിയും ചെയ്യാത്ത ഭരണകൂട ദ്വീകരതയാണ് ഇന്ന് കേരളത്തിൽ എങ്ങും നടമാടുന്നതെന്ന് അദേഹം പറയുന്നു.
ദൃശ്യ വാർത്താ മാധ്യമങ്ങളേയും ഏറ്റവും ഒടുവിൽ ഓൺലൈൻ മാധ്യമങ്ങളേയും ഇന്ന് ഗവൺമെന്റ് കടന്നാക്രമിക്കുകയാണ്. മാധ്യമങ്ങളെ തങ്ങളുടെ വരുതിക്ക് നിർത്തി അവരുടെ വായടപ്പിക്കുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ മാധ്യമ വിരുദ്ധ നിലപാടാണ് ഇതിലൂടെ പുറത്ത് വരുന്നത്. പൗര സ്വാതന്ത്ര്യത്തിനും പത്ര സ്വാതന്ത്ര്യത്തിനും എതിരെയുള്ള വെല്ലുവിളിയെ അതി ശക്തമായി അപലപിക്കുകയാണ്.
ഈ രാജ്യത്ത് എക്സിക്യൂട്ടിവും ലെജിസ്ലേച്ചറും ജുഡിഷ്യറിയും കഴിഞ്ഞാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ കവലാളൻമാരാണ് ഈ രാജ്യത്തെ മാധ്യമങ്ങൾ .മാധ്യമങ്ങൾ അവരുടെ നിലവാരത്തിൽ നിന്ന് പ്രവർത്തിക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടുകയും ചെയ്യേണ്ടുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ രാജ്യത്തിനാകമാനം അപമാനമാണ് വരുത്തി വച്ചിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് പ്രസ്താവിച്ചു.