കൊച്ചി: സിനിമ ചെയ്തതിന് ഇഡി റെയ്‌ഡ് നടത്തുന്ന കാലഘട്ടമാണിതെന്നും പുതിയ തലമുറയിൽ മാത്രമെ പ്രതീക്ഷയുള്ളൂവെന്നും പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടൻ. എമ്പുരാൻ സിനിമയും അതിന്റെ പിന്നാലെ വന്ന ഇഡി നടപടികളെയും ഉന്നംവെച്ചായിരുന്നു വേടന്റെ വിമർശനം. കഴിഞ്ഞദിവസം തന്റെ സംഗീത പരിപാടിക്കിടെയാണ് വേടൻ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വേടന്റെ വാക്കുകൾ ഇങ്ങനെ;
‘സിനിമ ചെയ്തതിന് ഇഡി. റെയ്‌ഡ് നടത്തുന്ന കാലഘട്ടമാണിത്. ആരെക്കുറിച്ചാണ്, എന്തിനെക്കുറിച്ചാണ് ഈ പറഞ്ഞതെന്ന് നിങ്ങൾക്ക് മനസിലായോ? രണ്ട് പാട്ട് കൂടി പാടിക്കഴിഞ്ഞാൽ ഞാൻ എന്റെ കുടുംബത്തിലേക്ക് പോകും. നിങ്ങൾ സമാധാനമായിട്ട് നിങ്ങളുടെ സാമൂഹിക സാഹചര്യങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായിട്ട് മനസിലാക്കുക.
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായി ജീവിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങളെ നോക്കാൻ നിങ്ങൾ മാത്രമേയുള്ളൂവെന്ന് മനസിലാക്കുക. കോളജിലൊക്കെ പഠിക്കുന്ന പിള്ളേരാണ് നിങ്ങൾ. രാഷ്ട്രീയ കാര്യങ്ങളിൽ അറിവുണ്ടായിരിക്കണം. നമ്മുടെ കാരണവന്മാർ എല്ലാം പൊട്ടത്തരമാണ് വിളിച്ചുപറയുന്നത്. നിങ്ങളിൽ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ”