തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ നഷ്ടപ്പെടുമെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകള്‍ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയില്‍ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാല്‍ മൊത്തവ്യാപാരികളും റേഷന്‍ ഡീലര്‍മാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാന്‍ വിമുഖത കാണിക്കുകയും ചെയ്തിരുന്നു.
ഇത് സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയുടെ വിട്ടെടുപ്പും വിതരണവും ഉടന്‍ ആരംഭിക്കും. ഇത് പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന രണ്ടാം പാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2025-26 രണ്ടാം പാദത്തിലേയ്ക്കും 5676 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്.