റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്നിലെ വസ്തു കൈമാറ്റത്തിന്‍റെ ഭാഗമായി ഉണ്ടായ ജപ്തി നടപടികളില്‍ നിന്നും പഴവങ്ങാടി പഞ്ചായത്തിനെ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു. ജപ്തി നടപടികളുടെ ഭാഗമായി വന്‍ ബാധ്യത വന്നതോടെ നിലവിലെ പഞ്ചായത്ത് ഭരണ സമിതി കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇതു പരിശോധിച്ചു തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട കമ്മിറ്റിയെ കോടതി ചുമതലപ്പെടുത്തിയിരുന്നു. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്ന വയലാണ് ശബരിമല ഇടത്താവളം നിർമിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സർക്കാർ 67 ലക്ഷം രൂപയ്ക്കു വാങ്ങിയത്. ഇതിന്റെ രേഖകളിൽ പഴവങ്ങാടി പഞ്ചായത്തിന്റെ പേര് ചേർക്കപ്പെട്ടിരുന്നു.
ഭൂമിയുടെ മതിപ്പു വില ലഭിച്ചില്ലെന്നാരോപിച്ച് ഉടമകൾ പിന്നീട് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് പലിശ ഉൾപ്പെടെ 9.50 കോടി രൂപ പഴവങ്ങാടി പഞ്ചായത്ത് നൽകാന്‍ കോടതി വിധിച്ചു. പണം നല്‍കാതെ വന്നതിന് പിന്നാലെ പഞ്ചായത്തിന്റെ ആസ്തികൾ ജപ്തി ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കമ്മറ്റിയില്‍ പഞ്ചായത്തും റവന്യുവും ജപ്തി ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ ഇടത്താവളം നിർമിക്കുന്നത് പൊതുമരാമത്ത് വകുപ്പ് ആയതിനാൽ ബാധ്യത അവർ ഏറ്റെടുക്കാനാണ് കമ്മിറ്റി നിർദേശിച്ചത്. ഇതിനായി ഭൂമി സർക്കാരിലേക്കു കൈമാറി തീരുമാനമെടുത്തു നൽകാൻ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി.
പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു നൽകിയതിനു പിന്നാലെ അതിർത്തി നിർണയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സർവേക്ക് തുടക്കമായത്. ഇതോടെ സർക്കാരിന്റെയും പഞ്ചായത്തിന്റെയും ഭൂമി പ്രത്യേകം അളന്ന് അതിർത്തി നിർണയിക്കുന്നതിനുള്ള സർവേ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി, വൈസ് പ്രസിഡന്റ്റ് – ജോൺ ഏബ്രഹാം, അംഗം വി.സി. ചാക്കോ, തഹസിൽദാർ ഷാജി – ജോസഫ്, പഞ്ചായത്ത് അസിസ്‌റ്റൻ്റ് സെക്രട്ടറി പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് റവന്യു ഉദ്യോഗസ്ഥർ വസ്തുവിന്‍റെ അളവ് തുടങ്ങിയത്.