ചെന്നൈ: കേരളത്തിനും തമിഴ്നാടിനും ഒരുപോലെ ഉപകാരപ്പെടുന്ന നാഗർകോവിൽ-തിരുവനന്തപുരം മൂന്നാം പാതയ്ക്കുള്ള വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നടപടി തുടങ്ങി. പാത യാഥാർഥ്യമായാൽ യാത്ര-ചരക്കു നീക്കത്തിൽ വൻമാറ്റമുണ്ടാവും. നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് 71 കിലോമീറ്ററിലാണ് പാത നിർമിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള കണ്ടെയ്നർ നീക്കത്തിനും വേഗമേറും. തിരുവനന്തപുരം- നാഗർകോവിൽ മൂന്നാം പാതയ്ക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾക്ക് ഓടാൻ കഴിയുന്ന പാതയായിരിക്കും നിർമിക്കുക.
ഏറെ കാലമായി ചരക്കുനീക്കത്തിനും കൂടുതൽ തീവണ്ടികൾ ഓടിക്കാനുമായി ഒരു റെയിൽവേ പാതകൂടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരുന്നത്. നിലവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ തീവണ്ടികൾ കൈകാര്യംചെയ്യാൻ കഴിയാത്ത സ്ഥിതിയായണുള്ളത്. പാത യാഥാർഥ്യമായാൽ മംഗളൂരുവിൽനിന്ന് കൂടുതൽ തീവണ്ടികൾ നാഗർകോവിലേക്ക് നീട്ടാം. നിലവിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന പരശുറാം, എക്‌സ്പ്രസ് നാഗർകോവിൽ വരെ സർവീസ് നടത്തുന്നുണ്ട്.ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് ഒരു റെയിൽപാത മാത്രമേയുള്ളു. രണ്ടാംപാതയുടെ ഭൂമി ഏറ്റെടുപ്പ് പൂർത്തിയായി. രണ്ടാം പാതയ്ക്ക് ആവശ്യമായ ഫണ്ട് റെയിൽവേ അനുവദിച്ചിട്ടുണ്ട്. തുടർന്നാവും മൂന്നാം പാതയുടെ നിർമാണം.