തൃശ്ശൂർ: ഷൊർണൂർ, വള്ളത്തോൾനഗർ സ്റ്റേഷനുകൾക്കിടയിലെ ട്രെയിനുകളുടെ മെല്ലെപ്പോക്ക് പരിഹരിക്കാൻ നടപടി. രണ്ട് സ്റ്റേഷനുകൾക്കിടയിൽ രണ്ട് ലൈനുകൾ കൂടി സ്ഥാപിച്ച് ട്രെയിനുകളുടെ സുഗമമായ കടന്നുപോക്ക് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനുള്ള രൂപരേഖയായി. ഇത് മൂന്ന്, നാല് പാതയല്ല എന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. രണ്ട് സ്റ്റേഷനുകൾക്കിടയിൽ വണ്ടി വരുന്നതിനും വിടുന്നതിനും സിഗ്നൽ സംബന്ധിച്ച സാങ്കേതികതടസ്സമുള്ളത് ഒഴിവാക്കാനാണ് പുതിയ ലൈനുകൾ. നിലവിൽ ഇരു സ്റ്റേഷനുകൾക്കുമിടയിൽ രണ്ട് ലൈനുകളുണ്ടെങ്കിലും ഈ മേഖലയിൽ എത്തുമ്പോൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ട്രെയിനുകൾ ക്രോസ് ചെയ്ത് കടത്തിവിടേണ്ടിവരുന്നു. പുതിയ ലൈനുകൾ വന്നാൽ ഇതൊഴിവാക്കാം. നിലവിൽ വള്ളത്തോൾ നഗറിൽനിന്ന് 12 മിനിറ്റ് വേണം ഷൊർണൂർ സ്റ്റേഷനിലെത്താൻ.
ഈ ലൈനുകൾ വന്നാൽ നാലുമിനിറ്റുകൊണ്ട് എത്താനാകും.നിലവിൽ ഈ മേഖലയിൽ ക്രോസിങ്ങിനായി ഭൂരിപക്ഷം ട്രെയിനുകളും അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ പിടിച്ചിടാറുണ്ട്. പുതിയ ലൈനുകൾ വന്നാൽ വള്ളത്തോൾ നഗറിൽനിന്ന് നേരിട്ട് ഷൊർണൂർ സ്റ്റേഷനിലേക്കും തിരിച്ചും, അതുപോലെ വള്ളത്തോൾ നഗറിൽനിന്ന് പാലക്കാട്ടേക്കുള്ള മാന്നന്നൂർ ലൈനിലേക്കും തിരിച്ചും വണ്ടികൾ പിടിച്ചിടാതെ കടത്തിവിടാനാകും. ഭൂമി ഏറ്റെടുക്കുന്നതിന് ഇരു സ്റ്റേഷനുകൾക്കുമിടയിൽ അളവെടുപ്പ് പൂർത്തിയാക്കി കുറ്റിയടിച്ചുകഴിഞ്ഞു. സ്കെച്ചും പ്ലാനും മറ്റും റവന്യൂവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതെല്ലാം ഭൂരേഖാവകുപ്പുകൂടി പരിശോധിച്ചശേഷം ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് നീങ്ങുമെന്നാണറിയുന്നത്.